ഒമാഹ (യുഎസ്): ആശുപത്രിയിൽ അതിസങ്കീർണ്ണമായ ഹൃദയശസ്ത്രക്രിയയ്ക്കായി മാതാപിതാക്കളോ കൂട്ടിരിപ്പുകാരോ ഇല്ലാതെ തനിയെ എത്തിയ അഞ്ചു വയസ്സുകാരനെ ദത്തെടുത്ത് മാതൃകയായിരിക്കുകയാണ് പീഡിയാട്രിക് അനസ്‌തേഷ്യോളജിസ്റ്റായ ഡോ. ആമി ബീത്ത് (Pediatric Anesthesiologist True Adoption Story). 2022 ജനുവരിയിൽ ചിൽഡ്രൻസ് നെബ്രാസ്ക ആശുപത്രിയിൽ വെച്ചാണ് ആമി ‘ട്രൂ’ എന്ന ഈ കൊച്ചു മിടുക്കനെ കാണുന്നത്. അന്ന് വെറും അഞ്ചു വയസ്സുമാത്രമായിരുന്നു അവന് പ്രായം.
ഫോസ്റ്റർ കെയറിലായിരുന്ന ട്രൂവിനെ ആശുപത്രിയിൽ കൊണ്ടാക്കിയ കേസ് വർക്കർക്ക് കോവിഡ് ബാധിച്ചതിനാൽ കൂടെ നിൽക്കാൻ ആരുമുണ്ടായിരുന്നില്ല. ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കിടയിൽ ആ കുഞ്ഞിന്റെ നിസ്സഹായാവസ്ഥ ആമിയുടെ മനസ്സിനെ വല്ലാതെ ഉലച്ചു. വീട്ടിലെത്തിയ ആമി തന്റെ ഭർത്താവ് റയാൻ ബീത്തിനോട് ട്രൂവിനെ ദത്തെടുക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. ആദ്യമൊന്ന് മടിച്ചെങ്കിലും ആശുപത്രിയിൽ വെച്ച് ട്രൂവിനെ കണ്ടതോടെ അവനെ സ്വന്തം കുടുംബത്തിന്റെ ഭാഗമാക്കാൻ റയാനും സമ്മതിച്ചു.
19 മാസത്തെ നിയമനടപടികൾക്ക് ശേഷം ട്രൂ ഇപ്പോൾ ആമിയുടെയും റയാന്റെയും എട്ട് മക്കളിൽ ഒരാളാണ്. ട്രൂവിന്റെ മൂത്ത സഹോദരി ലാനിയെയും ഇവർ ദത്തെടുത്തു. മറ്റ് നാല് സഹോദരങ്ങളെ ആമിയുടെ ബന്ധുക്കളും സഹപ്രവർത്തകരും ദത്തെടുത്തതോടെ ആറ് സഹോദരങ്ങളും പരസ്പരം ബന്ധം നിലനിർത്തി ഒരേ സാഹചര്യത്തിൽ വളരുന്നു. ട്രൂവിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ഭാവിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വരുമെന്നും ഡോക്ടർമാർ പറയുന്നു. എന്നാൽ സ്നേഹനിധിയായ മാതാപിതാക്കളെ ലഭിച്ചതോടെ കുട്ടിയുടെ ആയുസ്സ് വർദ്ധിക്കുമെന്നാണ് പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. ജെയ്‌സൺ കോൾ അഭിപ്രായപ്പെടുന്നത്. കൃത്യമായ പരിചരണവും സുരക്ഷിതമായ സാഹചര്യവും ലഭിക്കുന്നത് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ വിജയസാധ്യത വർദ്ധിപ്പിക്കും.
Summary: Dr. Amy Beethe, a pediatric anesthesiologist at Children’s Nebraska, adopted a 5-year-old heart patient named True after he arrived for surgery without any guardian in 2022. Seeing him alone, Amy and her husband Ryan decided to make him part of their family. True, who has complex congenital heart disease and will eventually need a heart transplant, now lives in a loving home with seven siblings, which doctors believe is crucial for his survival and long-term care.

