ടെഹ്റാൻ: ഇറാനിലെ ഭരണകൂട വിരുദ്ധർക്കും ശത്രുരാജ്യങ്ങളെ അനുകൂലിക്കുന്നവർക്കും നേരെ ‘കണ്ടാലുടൻ വെടിവെക്കാൻ’ ഉത്തരവിട്ടതായി ഐആർജിസി കമാൻഡറും എംപിയുമായ സലാർ അബ്നൂഷ്. രാജ്യത്ത് സംഘർഷാവസ്ഥ തുടരുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ മുന്നറിയിപ്പ്.(Will shoot the heads of those who support the enemy, IRGC commander threatens Iranian people)
ഇസ്രായേലിനെയോ മറ്റ് ശത്രുരാജ്യങ്ങളെയോ അനുകൂലിച്ച് സംസാരിക്കുന്നവർ ഇസ്രായേലിന്റെ പക്ഷത്താണെന്നും അവരുടെ തല ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റേതിന് തുല്യമാണെന്നും അബ്നൂഷ് പറഞ്ഞു. അത്തരക്കാരെ കണ്ടാലുടൻ വെടിവെക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഇറാനെതിരെ നിൽക്കുന്നവർക്ക് മാപ്പില്ലെന്നും ശത്രുവിനെ സഹായിക്കുന്നവരെ ആഭ്യന്തര ശത്രുക്കളായി കണക്കാക്കി കടുത്ത നടപടി സ്വീകരിക്കുമെന്നുമാണ് ഐആർജിസി കമാൻഡറുടെ നിലപാട്. പശ്ചിമേഷ്യൻ യുദ്ധം മുറുകുന്നതിനിടയിൽ സ്വന്തം പൗരന്മാർക്കെതിരെ സൈന്യം ഇത്തരമൊരു കടുത്ത നിലപാടെടുത്തത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.

