ബെംഗളൂരു: ട്രാഫിക് ബ്ലോക്കിനും ഐടി തിരക്കുകൾക്കും ഇടയിൽ ബെംഗളൂരു നഗരത്തിന്റെ നന്മ വെളിപ്പെടുത്തുന്ന ഒരു ഹൃദ്യമായ അനുഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു (KTM Biker Rescued By Stranger). തിരക്കേറിയ കെ.ആർ പുരം റോഡിൽ ബൈക്ക് കേടായി വലഞ്ഞ ആർക്കിടെക്ചർ വിദ്യാർത്ഥിക്കാണ് ഒരു അപരിചിതൻ തുണയായത്. തന്റെ സ്കൂട്ടറിൽ ഇരുന്ന് കേടായ ബൈക്കിനെ തള്ളി കിലോമീറ്ററുകളോളം അകലെയുള്ള സർവീസ് സെന്ററിൽ എത്തിക്കുകയായിരുന്നു അദ്ദേഹം.
സൈറ്റ് വിസിറ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വിദ്യാർത്ഥിയുടെ കെടിഎം (KTM 390 Adventure) ബൈക്ക് എൻജിൻ ചൂടായി റോഡിൽ നിന്നുപോയത്. മെട്രോ ജോലികളും ബസ്സുകളുടെ തിരക്കും കാരണം ശ്വാസം വിടാൻ പോലും ഇടമില്ലാത്ത കെ.ആർ പുരം പാലത്തിലൂടെ വിയർപ്പൊഴുക്കി ബൈക്ക് തള്ളുകയായിരുന്നു വിദ്യാർത്ഥി. പിന്നാലെ വരുന്ന വാഹനങ്ങൾ ഹോൺ മുഴക്കി സമ്മർദ്ദം ചെലുത്തിയതോടെ വിദ്യാർത്ഥി ആകെ തളർന്നു. ഈ സമയത്താണ് ആക്ടിവ സ്കൂട്ടറിലെത്തിയ മധ്യവയസ്കൻ സഹായവാഗ്ദാനവുമായി എത്തിയത്.
Posts from the bangalore
community on Reddit
ബെംഗളൂരുവിലെ കസ്തൂരി നഗർ മുതൽ രാമമൂർത്തി നഗർ വരെയുള്ള തിരക്കേറിയ റോഡിലൂടെ തന്റെ കാലുപയോഗിച്ച് അദ്ദേഹം ബൈക്കിനെ തള്ളിക്കൊണ്ടുപോയി. സർവീസ് സെന്ററിൽ എത്തിയ ശേഷം നന്ദി പറയാൻ പോലും നിൽക്കാതെ അദ്ദേഹം തന്റെ യാത്ര തുടർന്നു. റെഡിറ്റിലൂടെ പങ്കുവെച്ച ഈ കുറിപ്പ് നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. ബെംഗളൂരു ട്രാഫിക് ക്രൂരമാണെങ്കിലും അവിടെ ഇങ്ങനെയുള്ള നല്ല മനുഷ്യർ ഇപ്പോഴുമുണ്ടെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം.

