ഇച്ചിക്കാവ: അമ്മ ഉപേക്ഷിച്ചതിനെത്തുടർന്ന് ഒരു ഓറഞ്ച് നിറത്തിലുള്ള ഒറാംഗുട്ടാൻ പാവക്കുട്ടിയെ കെട്ടിപ്പിടിച്ചു കരയുന്ന കുരങ്ങൻ കുഞ്ഞിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ മാസമാണ് ലോകമെങ്ങും വൈറലായത്. ജപ്പാനിലെ ഇച്ചിക്കാവ മൃഗശാലയിലെ ‘പഞ്ച്’ എന്ന കുട്ടി കുരങ്ങൻ ഇപ്പോൾ തന്റെ പ്രിയപ്പെട്ട പാവക്കുട്ടിയെ സാവധാനം ഉപേക്ഷിച്ചു തുടങ്ങിയിരിക്കുന്നു (Punch Orphan Macaque Japan Zoo). കുരങ്ങുകളുടെ സമൂഹത്തിലേക്ക് പഞ്ച് പിച്ചവെച്ചു തുടങ്ങിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
ജനിച്ച ഉടനെ അമ്മ ഉപേക്ഷിച്ച പഞ്ചിനെ അതിജീവനത്തിന് സഹായിച്ചത് മൃഗശാലാ ജീവനക്കാർ നൽകിയ പാവക്കുട്ടിയായിരുന്നു. മറ്റ് കുരങ്ങുകൾ അടുപ്പിക്കാതിരുന്നപ്പോൾ ഓടിപ്പോയി പാവക്കുട്ടിയെ കെട്ടിപ്പിടിച്ചു കിടക്കുന്ന പഞ്ചിന്റെ ദൃശ്യങ്ങൾ സന്ദർശകരുടെ കണ്ണ് നിറച്ചിരുന്നു. എന്നാൽ ഇപ്പോൾ പഞ്ച് മുതിർന്ന കുരങ്ങുകളുടെ പുറത്ത് കയറുന്നതും അവരോടൊപ്പം ഇരിക്കുന്നതും മറ്റുള്ളവർ പഞ്ചിനെ ലാളിക്കുന്നതും പതിവ് കാഴ്ചയായി മാറിയിരിക്കുന്നു.
പഞ്ചിനെ കാണാൻ ജനത്തിരക്കേറിയതോടെ മൃഗശാല അധികൃതർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നു. പഞ്ചിനെ കാണാൻ 10 മിനിറ്റ് സമയം മാത്രമേ ഇപ്പോൾ സന്ദർശകർക്ക് അനുവദിക്കുന്നുള്ളൂ. പഞ്ച് പാവക്കുട്ടിയെ ഉപേക്ഷിക്കുന്നത് അവൻ കുരങ്ങുകളുടെ ലോകത്തെ നിയമങ്ങൾ പഠിച്ചു തുടങ്ങുന്നതിന്റെ ലക്ഷണമാണെന്നും ഇത് ശുഭസൂചനയാണെന്നും മൃഗശാലാ ഡയറക്ടർ ഷിഗെകാസു മിസുഷിന പറഞ്ഞു. നിലവിൽ രാത്രിയിൽ പാവക്കുട്ടിക്കൊപ്പമാണ് പഞ്ച് ഉറങ്ങുന്നതെങ്കിലും, വൈകാതെ തന്നെ അവൻ മറ്റ് കുരങ്ങുകൾക്കൊപ്പം ഉറങ്ങാൻ തുടങ്ങുമെന്ന് ജീവനക്കാർ പ്രതീക്ഷിക്കുന്നു.

