ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡിഎംകെ സർക്കാരിനുമെതിരെ കടുത്ത രാഷ്ട്രീയ വെല്ലുവിളിയുമായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്. തന്നെ നിശബ്ദനാക്കാൻ ശ്രമിച്ചാലും തമിഴ്നാട്ടിലെ ഓരോ വീട്ടിലുമുള്ള വിജയ്മാരെ നിശബ്ദരാക്കാൻ സ്റ്റാലിന് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തഞ്ചാവൂരിൽ നടന്ന കൂറ്റൻ ജനറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.(Cannot silence Vijay in every household, TVK chief lashes out at DMK)
തന്റെ പുതിയ ചിത്രമായ ‘ജനനായകൻ’ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പിന്തുണ നൽകിയതിന് മുഖ്യമന്ത്രി സ്റ്റാലിന് വിജയ് നന്ദി പറഞ്ഞു. എന്നാൽ ഈ പിന്തുണ രാഷ്ട്രീയ നീക്കമാണെന്ന സൂചന നൽകിക്കൊണ്ടായിരുന്നു വിജയിന്റെ മറുപടി. സിനിമയ്ക്ക് ലഭിച്ച ജനപിന്തുണയും ഭരണകൂടത്തിന്റെ നിലപാടുകളും ചർച്ച ചെയ്ത വിജയ്, അടുത്ത സർക്കാർ ടിവികെയുടേതായിരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഓരോ വീട്ടിലുമുള്ള യുവാക്കൾ ഇതിനകം തന്നെ ടിവികെയ്ക്കായി പ്രചാരണം ആരംഭിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ഡിഎംകെ ‘തമിഴ്നാട് ടീമും ഡൽഹി ടീമും’ തമ്മിലുള്ള പോരാട്ടമായി അവതരിപ്പിക്കുന്നതിനെ വിജയ് പരിഹസിച്ചു. ക്രിക്കറ്റിൽ പോലും ഡൽഹി ടീമിന് തമിഴ്നാടിനോട് പൊരുതാനാവില്ല. “തമിഴ്നാട് എന്നാൽ ടിവികെയാണ്, ടിവികെ എന്നാൽ തമിഴ്നാടാണ്” എന്ന് വിജയ് പ്രഖ്യാപിച്ചു.
എല്ലാ വിഭാഗീയ ചിന്തകളും മാറ്റിവെച്ച് ടിവികെ ടീം തന്നെ വിജയിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. തന്റെ ഭരണത്തിൽ പദ്ധതികൾ പ്രഖ്യാപിക്കുക മാത്രമല്ല, അഞ്ച് വർഷത്തിനുള്ളിൽ അവ പൂർത്തിയാക്കുമെന്നും വിജയ് ഉറപ്പുനൽകി. അടുത്ത ജന്മത്തിൽ ഒരു കർഷക കുടുംബത്തിൽ ജനിക്കാനാണ് തന്റെ ആഗ്രഹമെന്ന് വിജയ് വൈകാരികമായി പറഞ്ഞു.
ശ്രീലങ്കൻ നാവികസേനയിൽ നിന്നുള്ള ആക്രമണങ്ങളിൽ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്താൻ ഡിഎംകെയ്ക്ക് സാധിക്കുന്നില്ലെന്നും ടിവികെ അധികാരത്തിലെത്തിയാൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ പൂർണ്ണമായും ഉറപ്പാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

