ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബിജെപി. പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനവുമായി ആക്രമണത്തെ ബന്ധിപ്പിക്കുന്നത് വിദ്വേഷം നിറഞ്ഞ പ്രചാരണമാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തി. (I almost pity India’s Opposition and the Left ecosystem, says Amit Malviya)
ഫെബ്രുവരി 25, 26 തീയതികളിൽ പ്രധാനമന്ത്രി ഇസ്രായേൽ സന്ദർശിക്കുന്നതിന് മുൻപ് തന്നെ അമേരിക്കയും ഇസ്രായേലും ഈ ആക്രമണം ആസൂത്രണം ചെയ്തിരുന്നുവെന്ന് അമിത് മാളവ്യ ചൂണ്ടിക്കാട്ടി. ഫെബ്രുവരി 23-ന് തന്നെ ഈ ഓപ്പറേഷൻ ആസൂത്രണം ചെയ്തിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്.
പ്രധാനമന്ത്രിയുടെ അംഗീകാരത്തോടെയാണ് ആക്രമണം നടന്നതെന്ന പ്രതിപക്ഷത്തിന്റെയും ഇടതുപക്ഷത്തിന്റെയും വാദം തികച്ചും പക്ഷപാതപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ‘ഗൂഢാലോചന സിദ്ധാന്തങ്ങൾ’ ഇപ്പോൾ പൊളിഞ്ഞു വീണിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ത്യയിലെ പ്രതിപക്ഷത്തോടും ഇടതുപക്ഷത്തോടും എനിക്ക് സഹതാപം തോന്നുന്നു. പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശന വേളയിൽ നടന്ന ആക്രമണം അദ്ദേഹത്തിന്റെ അംഗീകാരത്തോടെയാണെന്ന് വരുത്തിതീർക്കാനാണ് അവർ ശ്രമിച്ചത്. ഇത് മനഃപൂർവമായ വിദ്വേഷ പ്രചാരണമാണ്. അടിസ്ഥാനരഹിതവും യുക്തിയ്ക്ക് നിരക്കാത്തതുമായ വാദങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിയെ വേട്ടയാടുകയാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

