ടെൽ അവീവ്: ഇറാനെയും ലെബനനെയും ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും നടത്തുന്ന സംയുക്ത സൈനിക നീക്കം അതിശക്തമായി തുടരുന്നു. ഇറാന്റെ ആണവായുധ നിർമ്മാണ കേന്ദ്രവും നാവികസേനയുടെ അന്തർവാഹിനിയും തകർത്തതായി സൈന്യം അവകാശപ്പെട്ടു. ലക്ഷ്യങ്ങൾ പൂർണ്ണമായും കൈവരിക്കുന്നത് വരെ ആക്രമണം നിർത്തില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് ചീഫ് അഡ്മിറൽ ബ്രാഡ് കൂപ്പർ വ്യക്തമാക്കിയിരുന്നു.(Israeli-US attack continues, Iran and Lebanon suffer heavy blow)
ആണവായുധങ്ങളുടെ പ്രധാന ഘടകങ്ങൾ വികസിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ‘മിൻസാദെഹെയ്’ എന്ന രഹസ്യ കോമ്പൗണ്ട് തകർത്തതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഇറാന്റെ ആണവ മോഹങ്ങൾക്കുള്ള കനത്ത തിരിച്ചടിയാണിതെന്ന് ഐ.ഡി.എഫ് അവകാശപ്പെടുന്നു.
ഇതുവരെ ഏകദേശം 300 ഇറാനിയൻ മിസൈൽ ലോഞ്ചറുകളും നിരവധി ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകർത്തു. യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ വാർത്താസമ്മേളനത്തിൽ നൽകിയ വിവരങ്ങൾ പ്രകാരം ഇതുവരെ 17 ഇറാനിയൻ കപ്പലുകൾ തകർത്തു. ഇതിൽ പ്രവർത്തനക്ഷമമായ ഒരു അന്തർവാഹിനിയും ഉൾപ്പെടുന്നു.
നിലവിൽ അറേബ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിൽ ഒരു ഇറാനിയൻ കപ്പൽ പോലുമില്ലാത്ത അവസ്ഥയാണെന്ന് യുഎസ് അവകാശപ്പെട്ടു. 100 മണിക്കൂറിനുള്ളിൽ 2000-ൽ അധികം വെടിക്കോപ്പുകൾ ഉപയോഗിച്ച് 2000 ലക്ഷ്യങ്ങൾ തകർത്തു കഴിഞ്ഞു. തെക്കൻ ലെബനനിലെ 60 ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രായേൽ കനത്ത ആക്രമണം നടത്തി. ടൈർ, സിദോൻ മേഖലകളിലെ ആയുധ സംഭരണ ശാലകൾ, കമാൻഡ് സെന്ററുകൾ, മിസൈൽ ലോഞ്ചറുകൾ എന്നിവ തകർത്തവയിൽ ഉൾപ്പെടുന്നു. ഹമാസിന്റെയും ഹിസ്ബുള്ളയുടെയും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ഐ.ഡി.എഫ് അറിയിച്ചു.

