ശ്രീനഗർ: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പ്രതിഫലനമായി ജമ്മു കശ്മീരിൽ ഇറാൻ അനുകൂല പ്രതിഷേധങ്ങൾ ശക്തമാകുന്നു. ക്രമസമാധാന നില കണക്കിലെടുത്ത് സൈനിക വാഹനവ്യൂഹങ്ങളുടെ നീക്കം ഭരണകൂടം താൽക്കാലികമായി റദ്ദാക്കി. പ്രതിഷേധങ്ങൾ പ്രകോപനപരമാകാൻ സാധ്യതയുള്ളതിനാലാണ് ഈ മുൻകരുതൽ നടപടി.(Pro-Iran protests, High alert in Jammu and Kashmir; restrictions on military convoys)
ചൊവ്വാഴ്ച മുതൽ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിന്റെ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളും കോളേജുകളും ഇന്നും അടഞ്ഞുകിടക്കും. വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാൻ ഇന്റർനെറ്റ് സേവനങ്ങളുടെ വേഗത കുറച്ച നടപടി തുടരുകയാണ്.
ജനങ്ങൾ പരമാവധി സംയമനം പാലിക്കണമെന്നും അനാവശ്യമായി കൂട്ടം കൂടരുതെന്നും കശ്മീർ അഡ്മിനിസ്ട്രേഷൻ നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ ആറ് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 14 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ താഴ്വരയിൽ മാത്രം 75 ഓളം പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്. കശ്മീരിന് പുറമെ ജമ്മു മേഖലയിലും പ്രതിഷേധങ്ങൾ വർദ്ധിച്ചുവരുന്നത് അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്.

