ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മം ജില്ലയിൽ ഭൂദാൻ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാനെന്ന പേരിൽ മുനിസിപ്പൽ അധികൃതർ നടത്തിയ ബുൾഡോസർ നടപടി വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. വെലുഗുമാറ്റ്‌ല ഗ്രാമത്തിലെ വിനോബ നവോദയ കോളനി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ വീടുകളാണ് തകർത്തത്. ഇതോടെ 600-ഓളം ദരിദ്ര കുടുംബങ്ങൾ കിടപ്പാടമില്ലാതെ വഴിയാധാരമായി.(Bulldozer Raj in Telangana at midnight, 600 families displaced)
യാതൊരു മുൻകൂർ മുന്നറിയിപ്പും നൽകാതെ ഫെബ്രുവരി 25 പുലർച്ചെ കനത്ത പോലീസ് കാവലിൽ ബുൾഡോസറുകൾ ഉപയോഗിച്ച് വീടുകൾ പൊളിച്ചുനീക്കുകയായിരുന്നുവെന്ന് താമസക്കാർ ആരോപിക്കുന്നു. വിനോബ ഭാവെയുടെ ഭൂദാൻ പ്രസ്ഥാനത്തിന്റെ ഭാഗമായി ദരിദ്രർക്ക് ലഭിച്ച ഭൂമിയാണിതെന്ന് നാട്ടുകാർ പറയുന്നു. തങ്ങളുടെ കൈവശം 2014-ൽ ലഭിച്ച സാധുവായ പട്ടയമുണ്ടെന്നും, വൈദ്യുതിയും വെള്ളവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സർക്കാർ നേരത്തെ നൽകിയിരുന്നുവെന്നും ഇരകൾ ചൂണ്ടിക്കാട്ടി.
വെള്ളപ്പൊക്കം തടയുന്നതിനും പൊതുസ്വത്ത് സംരക്ഷിക്കുന്നതിനും കൈയേറ്റങ്ങൾ ഒഴിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് റവന്യൂ മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. കഴിഞ്ഞ ബി.ആർ.എസ് സർക്കാരിന്റെ കാലത്താണ് ഈ നടപടികൾ ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടിയൊഴിപ്പിക്കൽ നടന്ന സ്ഥലം ബി.ആർ.എസ് വർക്കിംഗ് പ്രസിഡന്റ് കെ.ടി. രാമറാവു സന്ദർശിച്ചു.
നിർദ്ദിഷ്ട നാഗ്പൂർ-അമരാവതി ഹൈവേയ്ക്ക് സമീപമുള്ള ഈ ഭൂമി കൈക്കലാക്കാൻ റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കെ.ടി.ആർ ആരോപിച്ചു. ബി.ആർ.എസ് അധികാരത്തിൽ തിരിച്ചെത്തിയാൽ തകർക്കപ്പെട്ട എല്ലാ വീടുകളും പുനർനിർമ്മിക്കുമെന്നും ഇരകൾക്കായി നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം വാഗ്ദാനം നൽകി.

