കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ മുൻ എംഎൽഎ എം. സ്വരാജ് മത്സരിക്കില്ലെന്ന് ഏകദേശം ഉറപ്പായി. സ്വരാജിനെ വീണ്ടും രംഗത്തിറക്കണമെന്ന എറണാകുളം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളിയതായാണ് വിവരം. പകരം വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണനെ തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം.(M Swaraj will not contest in Thrippunithura, CPM’s decisive move)
കൊച്ചി മുൻ മേയർ അനിൽകുമാറിന്റെ പേര് തൃപ്പൂണിത്തുറയിൽ സജീവമായി ഉയർന്നിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. പകരം വൈപ്പിൻ മണ്ഡലത്തിൽ കെ.എൻ. ഉണ്ണികൃഷ്ണന് പകരം മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.ബി. ഷൈനിയെ സ്ഥാനാർത്ഥിയാക്കാനാണ് നിലവിലെ തീരുമാനം.
എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിൽ യുഡിഎഫ് സ്വാധീനം മറികടക്കാൻ പൊതുസ്വതന്ത്രരെ രംഗത്തിറക്കാൻ സിപിഎം ആലോചിക്കുന്നു. ജില്ലയിലെ അഞ്ച് സിറ്റിംഗ് എംഎൽഎമാരും വീണ്ടും മത്സരിക്കണമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ പ്രാഥമിക നിർദ്ദേശം. വടക്കൻ പറവൂരിൽ വി.ഡി. സതീശനെതിരെ കരുത്തുറ്റ പോരാട്ടം കാഴ്ചവെക്കാൻ മണ്ഡലം സിപിഎം ഏറ്റെടുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

