മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സ്ഫോടകവസ്തു നിർമ്മാണ ശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 17 തൊഴിലാളികൾ കൊല്ലപ്പെട്ടു. നാഗ്പൂർ ജില്ലയിലെ കറ്റോൾ താലൂക്കിൽ റാവൽഗാവ് ഗ്രാമത്തിലുള്ള എസ്‌ബിഎൽ കമ്പനിയിലാണ് ഞായറാഴ്ച രാവിലെ ഏഴരയോടെ അപകടമുണ്ടായത്. ഡിറ്റണേറ്ററുകളും മറ്റ് സ്ഫോടകവസ്തുക്കളും നിർമ്മിക്കുന്ന യൂണിറ്റാണിത്.(Massive explosion at explosives manufacturing unit in Nagpur, 17 dead, many injured)
രാവിലെ 7-നും 7.15-നും ഇടയിൽ ഡിറ്റണേറ്റർ പാക്കിംഗ് യൂണിറ്റിലാണ് സ്ഫോടനം നടന്നതെന്ന് കമ്പനി പ്രതിനിധികൾ അറിയിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടം ഭാഗികമായി തകരുകയും സമീപപ്രദേശങ്ങളിൽ ശക്തമായ പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തു. ഉടൻതന്നെ പോലീസും രക്ഷാപ്രവർത്തനം ആരംഭിച്ചു.
പരിക്കേറ്റ 18-ഓളം പേരെ നാഗ്പൂരിലെ ഓറഞ്ച് സിറ്റി ആശുപത്രിയിലും സമീപത്തെ സർക്കാർ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും ദാരുണവുമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചു. മരിച്ചവർക്ക് ഹൃദയംഗമമായ ആദരാഞ്ജലി അർപ്പിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ട്, ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

