വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി സർക്കാർ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിന്റെ ആദ്യഘട്ടം ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ 11-ന് കൽപ്പറ്റ ബൈപ്പാസ് റോഡിലെ ടൗൺഷിപ്പിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.(The first phase of the township for Wayanad disaster victims will be dedicated today, new houses for 178 families)
ആദ്യഘട്ടത്തിൽ പൂർത്തിയായ 178 വീടുകളുടെ താക്കോൽദാനമാണ് ഇന്ന് നടക്കുക. വീടിനൊപ്പം തന്നെ ഏഴ് സെന്റ് ഭൂമിയുടെ പട്ടയം ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളും മുഖ്യമന്ത്രി കുടുംബങ്ങൾക്ക് കൈമാറും. ഓരോ കുടുംബത്തിനും ലഭിക്കുന്നത് രണ്ട് മുറികളുള്ള വീട് ആണ്. ഇത് 1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സൗകര്യപ്രദമായ വീടാണ്. ഏഴ് സെന്റ് സ്ഥലമാണ് ലഭിക്കുന്നത്.
ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കുക എന്ന സർക്കാരിന്റെ വാഗ്ദാനമാണ് ഇതിലൂടെ നടപ്പിലാകുന്നത്. ടൗൺഷിപ്പ് ഉദ്ഘാടനത്തിനൊപ്പം കൽപ്പറ്റ ജനറൽ ആശുപത്രിയുടെ പുതിയ അനക്സ് ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിക്കും. സംസ്ഥാനത്തെ വിവിധ മന്ത്രിമാർ, പ്രതിപക്ഷ അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. താമരശ്ശേരി ചുരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

