തിരുവനന്തപുരം: ആക്കുളം-ചേറ്റുവ ജലപാത വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർക്കല ചിലക്കൂർ ബീച്ച് പാർക്കിൽ ജലപാതയുടെ ഒന്നാം ഘട്ട ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്ര സ്മാരകമായ ചിലക്കൂർ തുരങ്കത്തിലൂടെ വൈദ്യുത ബോട്ടിൽ യാത്ര ചെയ്താണ് മുഖ്യമന്ത്രി പദ്ധതി നാടിന് സമർപ്പിച്ചത്.(Akkulam-Chettuva waterway to be connected to Vizhinjam, Chief Minister Pinarayi Vijayan inaugurates first phase)
ജലപാത വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്നതോടെ കേരളത്തിൽ ഒരു വമ്പിച്ച മൾട്ടിമോഡൽ ലോജിസ്റ്റിക് ശൃംഖല യാഥാർത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. റോഡ് വഴിയുള്ള ചരക്ക് നീക്കം കുറയ്ക്കാനും വൻകിട വ്യവസായങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ കുറഞ്ഞ ചിലവിൽ എത്തിക്കാനും ഇതിലൂടെ സാധിക്കും.
ഈ മേഖലയിൽ പുതിയ വ്യവസായ യൂണിറ്റുകൾ വരുന്നതോടെ വൻതോതിലുള്ള നിക്ഷേപ സാധ്യതകളാണ് തുറക്കപ്പെടുന്നത്. കോവളം മുതൽ ബേക്കൽ വരെയുള്ള 616 കിലോമീറ്റർ ജലപാത പൂർത്തിയാകുന്നതോടെ കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് ലഭിക്കും. ജലപാതയുടെ ഇരുവശങ്ങളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള ബോട്ട് ജെട്ടികളും ടൂറിസം കേന്ദ്രങ്ങളും ഒരുക്കും.
നവീകരിച്ച ചിലക്കൂർ തുരങ്കം ഒരു പ്രധാന പൈതൃക വിനോദസഞ്ചാര കേന്ദ്രമായി മാറും. തുരങ്കത്തിനുള്ളിൽ ശ്രീനാരായണ ഗുരുദേവന്റെ ജീവിതം പ്രമേയമാക്കിയുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ ഒന്നാം ഘട്ട വികസനത്തിനായി ചെലവഴിച്ച 325 കോടി രൂപയിൽ 150 കോടി രൂപയും പദ്ധതിക്കായി സ്ഥലം വിട്ടുനൽകിയവരുടെ പുനരധിവാസത്തിനാണ് മാറ്റിവെച്ചത്. തടസ്സങ്ങൾ കണ്ടു വികസന പദ്ധതികളിൽ നിന്ന് പിന്നോട്ടുപോകുന്ന ശീലം സർക്കാരിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

