ന്യൂഡൽഹി: എട്ടാം ക്ലാസിലെ എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്ന തരത്തിൽ ഉള്ളടക്കം ഉൾപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അഗാധമായ ഖേദം പ്രകടിപ്പിച്ചു. നീതിന്യായ വ്യവസ്ഥയെ അപമാനിക്കാൻ ഉദ്ദേശ്യമില്ലായിരുന്നുവെന്നും സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കി.(NCERT textbook controversy, Central government expresses regret)
വിഷയം പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അതീവ വൈകാരികമായാണ് പ്രതികരിച്ചത്. അവർ കോടതിയുടെ നെഞ്ചിലേക്ക് വെടിയുതിർത്തു കഴിഞ്ഞു. നീതിന്യായ വ്യവസ്ഥയിൽ നിന്ന് രക്തം വാർന്നുകൊണ്ടിരിക്കുകയാണ് എന്നാണ് സുപ്രീം കോടതി പറഞ്ഞത്.
നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് എട്ടാം ക്ലാസ് പുസ്തകത്തിൽ ഉൾപ്പെടുത്തിയത് കോടതിയെ അവഹേളിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് കോടതി നിരീക്ഷിച്ചു. വിവാദമായ അധ്യായം ഉൾപ്പെട്ട പാഠപുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പുകളും അച്ചടിച്ച കോപ്പികളും വിപണിയിൽ നിന്നും സ്കൂളുകളിൽ നിന്നും എത്രയും വേഗം പിടിച്ചെടുക്കാൻ കോടതി നിർദ്ദേശിച്ചു. കോടതി അലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ എൻ.സി.ഇ.ആർ.ടി ഡയറക്ടർക്കും സ്കൂൾ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും കോടതി നോട്ടീസ് അയച്ചു.

