വരവിനേക്കാൾ കൂടുതൽ ചിലവ് നടത്തുന്നവരാണ് നമ്മളിൽ പലരും. ജീവിതം ആഘോഷമാക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ. നാളെയെ കുറിച്ചുള്ള ചിന്ത നമ്മളിൽ പലർക്കുമില്ല. എന്നാൽ ബാങ്ക് അക്കൗണ്ടിൽ കുറഞ്ഞത് 5 ലക്ഷം രൂപയെങ്കിലും ഇല്ലാത്തവർ തങ്ങളുടെ ജീവിതരീതിയിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നാണ് ഇൻഫ്ലുവൻസറായ പ്രിയ യാദവ് പറയുന്നത്. കയ്യിൽ അഞ്ച് ലക്ഷം രൂപ തികച്ചില്ലാത്തവർ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യരുതെന്ന് പ്രിയ വീഡിയോയിൽ വ്യക്തമാക്കുന്നു. അനാവശ്യമായ ഷോപ്പിംഗ് ഒഴിവാക്കുക, അവധി ആഘോഷിക്കാനോ വിനോദയാത്രകൾക്കോ പോകരുത്, ഡേറ്റിംഗിന് പോകുന്നത് നിയന്ത്രിക്കുക, ദിവസവും പുറത്തുനിന്ന് കോഫി കുടിക്കുന്നത് ഒഴിവാക്കുക, നെറ്റ്ഫ്ലിക്സ് കണ്ട് സമയം കളയരുത് ഇത്രയുമാണ് പ്രിയ പറയുന്നത്. (5 Lakh Savings Rule)
“നിങ്ങൾ ആ സുഖസൗകര്യങ്ങൾ ഇതുവരെ അർഹിച്ചിട്ടില്ല. ജീവിതം സെറ്റിൽ ആയതുപോലെ പെരുമാറുന്നത് നിർത്തണം” എന്നാണ് പ്രിയ വീഡിയോയിൽ പറയുന്നത്. പഠിക്കാനും പണം സമ്പാദിക്കാനും ഏറ്റവും കൂടുതൽ അവസരങ്ങളുള്ള കാലഘട്ടമാണിതെന്നും, പണം സമ്പാദിക്കാൻ അറിയില്ല എന്ന് പറയുന്നത് പുരോഗതിയെക്കാൾ ഉപരി സുഖസൗകര്യങ്ങൾക്ക് മുൻഗണന നൽകുന്നത് കൊണ്ടാണെന്നും അവർ കൂട്ടിച്ചേർത്തു. മാനസികമായ വിഷമങ്ങളോ ട്രോമകളോ സാമ്പത്തികമായി പിന്നോട്ട് പോകാൻ കാരണമായി പറയരുത് എന്ന പ്രിയയുടെ പരാമർശം വലിയ വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്.
പലരും പ്രിയയുടെ നിലപാടിനെ പിന്തുണച്ചു. “ഇതൊരു റിയാലിറ്റി ചെക്കാണ്, ഇന്ത്യയിൽ ഒരു അത്യാഹിതം വന്നാൽ ഭൂരിഭാഗം ആളുകളും പാപ്പരാകുന്നത് കൃത്യമായ സമ്പാദ്യമില്ലാത്തത് കൊണ്ടാണ്” എന്ന് ഒരാൾ കുറിച്ചു. കരിയറിന്റെ തുടക്കകാലത്ത് വർക്ക്-ലൈഫ് ബാലൻസ് നോക്കാതെ കഠിനാധ്വാനം ചെയ്യണമെന്ന നിലപാടിനും പിന്തുണ ലഭിച്ചു.
അതേസമയം, എല്ലാവർക്കും ഒരേപോലെ ബാധകമാകുന്നതല്ല ഈ ഉപദേശമെന്ന് മറുഭാഗം വാദിക്കുന്നു. വലിയ വിമർശനമാണ് ഇവർക്ക് നേരെ ഉയരുന്നത്. “എന്റെ അക്കൗണ്ടിൽ 100 രൂപയേ ഉള്ളൂ, എങ്കിലും നിങ്ങൾ വേണ്ടെന്ന് പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ ചെയ്യുന്നുണ്ട്” എന്ന് ഒരാൾ പരിഹസിച്ചു. പഠിക്കാൻ സൗകര്യങ്ങളുണ്ടെങ്കിലും തൊഴിൽ വിപണിയിൽ അർഹമായ വേതനം ലഭിക്കുന്നില്ലെന്നതാണ് പ്രശ്നമെന്ന് മറ്റു ചിലർ ചൂണ്ടിക്കാട്ടി. എല്ലാവരും ഒരുപോലെയല്ല എന്നും ഇങ്ങനെ കാര്യങ്ങളെ കാണരുത് എന്നും മറ്റ് ചിലർ അഭിപ്രായപ്പെട്ടു.
View this post on Instagram

