വഡോദര: റെയിൽവേ ട്രാക്കിൽ പടക്കം വെച്ച് അട്ടിമറി ശ്രമമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച വിമുക്ത ഭടൻ അറസ്റ്റിലായി. ജമ്മു കശ്മീർ സ്വദേശിയായ മുഷ്താഖ് അഹമ്മദ് മുഹമ്മദ് ഷെയ്ഖിനെയാണ് വഡോദര പൊലീസ് പിടികൂടിയത്. ഗുജറാത്തിലെ ചരക്ക് ഗതാഗത ഇടനാഴിയിൽ നടന്ന സംഭവത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് ഇയാൾ തന്നെയായിരുന്നു സംഭവത്തിന് പിന്നിലെന്ന് വ്യക്തമായത്.(Ex army man arrested in Vadodara for setting off explosives on railway track)
നിലവിൽ കരാർ അടിസ്ഥാനത്തിൽ റെയിൽവേ ലൈൻമാനായി ജോലി ചെയ്യുകയാണ് മുഷ്താഖ്. റെയിൽവേ ട്രാക്കിൽ പടക്കം വെച്ച ശേഷം വിവരം ഇയാൾ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. ഒരു വലിയ അപകടം ഒഴിവാക്കിയ ‘ഹീറോ’ എന്ന പരിവേഷം ലഭിക്കാനും അതുവഴി ജോലിയിൽ തുടരാനുമാണ് താൻ ഇത് ചെയ്തതെന്ന് ഇയാൾ സമ്മതിച്ചു.
ഇയാളുടെ കരാർ കാലാവധി ഈ വർഷം അവസാനിക്കാനിരിക്കുകയായിരുന്നു. ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് റെയിൽവേ പ്രതിഫലം നൽകാറുണ്ടെന്നും കരാർ നീട്ടിക്കൊടുക്കാറുണ്ടെന്നും അറിഞ്ഞതിനെത്തുടർന്നാണ് ഇത്തരമൊരു നാടകം ആസൂത്രണം ചെയ്തതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ. ജഗദീഷ് ചാവ്ദ വ്യക്തമാക്കി.
താൻ താമസിച്ചിരുന്ന ഗ്രാമത്തിലെ ഒരു വിവാഹ ആവശ്യത്തിനായി എത്തിച്ച പടക്കങ്ങളാണ് ഇയാൾ ട്രാക്കിൽ വെക്കാൻ ഉപയോഗിച്ചത്. 2024 മുതൽ റെയിൽവേയിൽ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നു ഇയാൾ.

