Sunday, February 8, 2026
HomeHealth & Beautyതമിഴ്‌നാട്ടിൽ ചിക്കുൻഗുനിയ പടരുന്നു: അതിർത്തി ജില്ലകളിലും ജാഗ്രത, ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും...

തമിഴ്‌നാട്ടിൽ ചിക്കുൻഗുനിയ പടരുന്നു: അതിർത്തി ജില്ലകളിലും ജാഗ്രത, ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും അറിയാം | Chikungunya

ചെന്നൈ: തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ ചിക്കുൻഗുനിയ പടരുന്ന സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി ജാഗ്രതാ നിർദ്ദേശം നൽകി ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഹെൽത്ത് ആൻഡ് പ്രിവന്റീവ് മെഡിസിൻ. ചെന്നൈ, വില്ലുപുരം, തെങ്കാശി, തേനി ഉൾപ്പെടെ എട്ട് ജില്ലകളിലാണ് നിലവിൽ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പനി ബാധിത പ്രദേശങ്ങളിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിക്കാനും IgM ELISA പരിശോധനകൾ വഴി രോഗനിർണ്ണയം വേഗത്തിലാക്കാനും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി.(Chikungunya spreading in Tamil Nadu, Alert in border districts)

കൊതുകുകൾ വഴി പകരുന്ന ഒരു വൈറൽ പനിയാണ് ചിക്കുൻഗുനിയ. ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആൽബോപിക്റ്റസ് എന്നീ കൊതുകുകളാണ് ഈ വൈറസിനെ മനുഷ്യരിലെത്തിക്കുന്നത്. ഡെങ്കിപ്പനി പരത്തുന്ന അതേ കൊതുകുകൾ തന്നെയാണ് ഇവയും.

സാധാരണ വൈറൽ പനികളിൽ നിന്ന് വ്യത്യസ്തമായി ചിക്കുൻഗുനിയയെ തിരിച്ചറിയാൻ സഹായിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്:

അതിശക്തമായ സന്ധിവേദന: ചിക്കുൻഗുനിയയുടെ ഏറ്റവും പ്രധാന ലക്ഷണമാണിത്. കൈകൾ, കണങ്കാൽ, കാൽമുട്ട് എന്നിവിടങ്ങളിലെ സന്ധികളെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. പനി മാറിയാലും ആഴ്ചകളോളം ഈ വേദന നീണ്ടുനിൽക്കാം.

പെട്ടെന്നുണ്ടാകുന്ന പനി: പെട്ടെന്ന് തുടങ്ങുന്ന ശക്തമായ പനിയും ഒപ്പം പേശിവേദനയും ക്ഷീണവും അനുഭവപ്പെടും.

ശരീരത്തിലെ ചുവന്ന പാടുകൾ: പനി തുടങ്ങി 2 മുതൽ 5 ദിവസത്തിനുള്ളിൽ മുഖത്തോ കൈകാലുകളിലോ ചുവന്ന തടിപ്പുകളും ചുണങ്ങുകളും പ്രത്യക്ഷപ്പെടാം.

സന്ധിവീക്കം: സന്ധികൾക്ക് ചുറ്റും ചുവപ്പ് നിറവും നീർവീക്കവും ഉണ്ടാകുന്നത് ആർത്രൈറ്റിസിന് സമാനമായ അസ്വസ്ഥത ഉണ്ടാക്കും. കഠിനമായ തലവേദന, ഓക്കാനം, ഛർദ്ദി എന്നിവയും ഉണ്ടാകാം.

കൊതുക് നശീകരണമാണ് ചിക്കുൻഗുനിയ തടയാനുള്ള ഏക വഴി. വീടിനു ചുറ്റും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുക. ചിരട്ടകൾ, പഴയ ടയറുകൾ, പാത്രങ്ങൾ എന്നിവയിൽ വെള്ളം നിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക. വീടിന് സമീപത്തെ ഓടകൾ വൃത്തിയാക്കി ഇടുക. മലിനജലം കെട്ടിനിൽക്കുന്നത് കൊതുക് വളരാൻ കാരണമാകും.

വീടിനുള്ളിൽ വെള്ളത്തിൽ ചെടികൾ വളർത്തുന്നുണ്ടെങ്കിൽ ആഴ്ചയിലൊരിക്കൽ വെള്ളം മാറ്റുക. ചെടിച്ചട്ടികൾക്ക് താഴെയുള്ള പ്ലേറ്റുകളിലെ വെള്ളവും നീക്കം ചെയ്യുക. കിടക്കുമ്പോൾ കൊതുക് വലകൾ ഉപയോഗിക്കുക. ജനലുകൾക്കും വാതിലുകൾക്കും വലകൾ (Nets) ഘടിപ്പിക്കുന്നത് കൊതുകുകളെ അകറ്റാൻ സഹായിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates