ന്യൂഡൽഹി: ട്രാഫിക് സിഗ്നലിൽ പൂക്കൾ വിൽക്കുന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. കേസിൽ ഇ-റിക്ഷ ഡ്രൈവറായ ദുർഗേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ശേഷം പെൺകുട്ടി മരിച്ചെന്ന് കരുതി ഇയാൾ കുട്ടിയെ വനപ്രദേശത്ത് ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.(E-rickshaw driver arrested for the rape of 10-year-old girl selling flowers in Delhi)
ജനുവരി 11-നാണ് സംഭവം നടന്നത്. പൂക്കൾ വാങ്ങാമോ എന്ന് ചോദിച്ച് തന്നെ സമീപിച്ച പെൺകുട്ടിയോട്, മുഴുവൻ പൂക്കളും വിറ്റുതീർക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതി വണ്ടിയിൽ കയറ്റിയത്. കുട്ടിയെ ആളൊഴിഞ്ഞ കാടുപിടിച്ച പ്രദേശത്ത് എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു. പരിക്കേറ്റ് ബോധരഹിതയായ പെൺകുട്ടി മരിച്ചുവെന്ന് കരുതി പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.
പിന്നീട് ഗുരുതര പരിക്കുകളോടെയും മാനസികാഘാതത്തോടെയുമാണ് കുട്ടിയെ കണ്ടെത്തിയത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് വൈദ്യസഹായവും കൗൺസിലിംഗും നൽകിവരികയാണ്. സിഗ്നലിൽ നിന്ന് കുട്ടി വണ്ടിയിൽ കയറിപ്പോകുന്ന ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
പോലീസ് പ്രദേശത്തെയും സമീപത്തെയും 300-ലധികം സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതിയായ ദുർഗേഷിനെ തിരിച്ചറിഞ്ഞത്. പ്രതിക്ക് പത്തുവയസ്സുകാരിയെ നേരത്തെ അറിയാമായിരുന്നുവെന്നും തട്ടിക്കൊണ്ടുപോകാൻ മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നുവെന്നും ചോദ്യം ചെയ്യലിൽ അയാൾ സമ്മതിച്ചു.



