കൊൽക്കത്ത: മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാക്കളിലൊരാളുമായ മുകുൾ റോയ് അന്തരിച്ചു. ചികിത്സയിലിരിക്കെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. ദീർഘനാളായി അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.(Ex-Railway Minister and TMC leader Mukul Roy passes away)
മമത ബാനർജിയുടെ വിശ്വസ്തനായി രാഷ്ട്രീയത്തിൽ വളർന്ന മുകുൾ റോയ്, തൃണമൂൽ കോൺഗ്രസിന്റെ രൂപീകരണത്തിൽ നിർണ്ണായക പങ്കുവഹിച്ച നേതാവാണ്. 2009-ൽ യുപിഎ സർക്കാരിൽ കപ്പൽ ഗതാഗത സഹമന്ത്രിയായാണ് അദ്ദേഹം കേന്ദ്രമന്ത്രിസഭയിലെത്തിയത്. 2011 മുതൽ 2012 വരെ റെയിൽവേ മന്ത്രിയായും സേവനമനുഷ്ഠിച്ചു. കൂടാതെ നഗരവികസന മന്ത്രാലയത്തിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്.
ദീർഘകാലം തൃണമൂലിന്റെ ‘സെക്കൻഡ് ഇൻ കമാൻഡ്’ ആയിരുന്ന അദ്ദേഹം 2017-ൽ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപി നടത്തിയ മുന്നേറ്റത്തിന് പിന്നിൽ മുകുൾ റോയിയുടെ തന്ത്രങ്ങളായിരുന്നു. 2020-ൽ ബിജെപി ദേശീയ വൈസ് പ്രസിഡന്റായി അദ്ദേഹം നിയമിതനായി.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൃഷ്ണനഗർ നോർത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി വിജയിച്ചെങ്കിലും അധികം വൈകാതെ അദ്ദേഹം തൃണമൂൽ കോൺഗ്രസിലേക്ക് തന്നെ തിരിച്ചെത്തി. എന്നാൽ എംഎൽഎ സ്ഥാനം രാജിവച്ചിരുന്നില്ല. പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിലെ മികച്ച സംഘാടകനായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

