ന്യൂഡൽഹി: വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ മധ്യവർഗത്തെയും ശമ്പളക്കാരെയും ലക്ഷ്യമിട്ട് ആദായനികുതി വ്യവസ്ഥയിൽ നിർണ്ണായക പരിഷ്കാരങ്ങൾക്ക് ധനമന്ത്രി നിർമല സീതാരാമൻ ഒരുങ്ങുന്നു. പുതിയ നികുതി വ്യവസ്ഥയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി ‘സ്റ്റാൻഡേർഡ് ഡിഡക്ഷൻ’ വർദ്ധിപ്പിക്കുന്നതിനൊപ്പം, വിവാഹിതർക്ക് സംയുക്തമായി റിട്ടേൺ ഫയൽ ചെയ്യാനുള്ള സൗകര്യവും ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ചേക്കും.(Union Budget 2026, Possibility of income tax relief)
ഇന്ത്യൻ നികുതി ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമിട്ട്, ദമ്പതികളെ ഒരു യൂണിറ്റായി പരിഗണിച്ച് സംയുക്ത റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസരം നൽകിയേക്കാം. അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങളിൽ നിലവിലുള്ള ഈ രീതി നടപ്പിലായാൽ കുടുംബത്തിന് ആകെ ഉയർന്ന നികുതിയിളവ് പരിധി ലഭിക്കും. ഒറ്റ വരുമാനമുള്ള കുടുംബങ്ങൾക്ക് ഇത് വലിയ ആശ്വാസമാകും. ദമ്പതികൾക്കായി പ്രത്യേക ടാക്സ് സ്ലാബുകൾ ധനമന്ത്രി പ്രഖ്യാപിച്ചേക്കും.
പുതിയ നികുതി സമ്പ്രദായത്തെ കൂടുതൽ ജനകീയമാക്കാൻ ശമ്പളക്കാരുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ നിലവിലെ 75,000 രൂപയിൽ നിന്ന് ഒരു ലക്ഷമായി ഉയർത്താൻ സാധ്യതയുണ്ട്. നിലവിൽ 12.75 ലക്ഷം രൂപ വരെ (ഡിഡക്ഷൻ ഉൾപ്പെടെ) വരുമാനമുള്ളവർക്ക് പുതിയ സ്കീമിൽ നികുതി ബാധ്യതയില്ല. ഇത് മധ്യവർഗത്തിനിടയിൽ സർക്കാരിന് വലിയ സ്വീകാര്യത നൽകിയിട്ടുണ്ട്. വരാനിരിക്കുന്ന അഞ്ച് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾ കൂടി കണക്കിലെടുക്കുമ്പോൾ ഈ ഇളവ് നൽകാൻ സർക്കാർ തയ്യാറായേക്കും.
വസ്തുവകകളും ഓഹരികളും വിൽക്കുമ്പോൾ ലഭിക്കുന്ന ദീർഘകാല മൂലധന നേട്ടത്തിനുള്ള നികുതിയിളവ് പരിധി രണ്ട് ലക്ഷമായി ഉയർത്തിയേക്കും. പഴയ നികുതി വ്യവസ്ഥയിലെ ഹെൽത്ത് ഇൻഷുറൻസ് ഇളവ് ഇരട്ടിയാക്കാൻ സാധ്യതയുണ്ട്. അമേരിക്കൻ തീരുവ വർദ്ധനവ് ബാധിച്ച തമിഴ്നാട്ടിലെ ടെക്സ്റ്റൈൽസ് മേഖല ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്ക് ബജറ്റിൽ പ്രത്യേക പാക്കേജുകൾ പ്രതീക്ഷിക്കുന്നു.



