കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി മന്ത്രി എ.കെ.ശശീന്ദ്രൻ (Minister AK Saseendran To Contest Assembly Election). പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ താൻ വീണ്ടും മത്സരരംഗത്തുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. എലത്തൂർ മണ്ഡലത്തിൽ ശശീന്ദ്രൻ മത്സരിക്കില്ലെന്ന എൻസിപി നേതാവ് മുക്കം മുഹമ്മദിന്റെ പരസ്യ പ്രസ്താവനയെ തള്ളിക്കൊണ്ടാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് താനല്ലെന്നും മറിച്ച് പാർട്ടി നേതൃത്വമാണെന്നും ശശീന്ദ്രൻ പറഞ്ഞു. പാർട്ടി അച്ചടക്കം പാലിക്കുന്ന വ്യക്തി എന്ന നിലയിൽ നേതൃത്വം ഏൽപ്പിക്കുന്ന ഏത് ദൗത്യവും ഏറ്റെടുക്കാൻ തയ്യാറാണ്. തന്നെപ്പോലെയുള്ള നേതാക്കളുടെ ആഗ്രഹങ്ങൾ പാർട്ടിയെ അറിയിക്കാമെങ്കിലും അന്തിമ തീരുമാനം എൻസിപി കമ്മിറ്റിയുടേതായിരിക്കും. എലത്തൂരിൽ സ്ഥാനാർത്ഥി മാറുമെന്ന് പ്രസ്താവന നടത്തിയ പ്രാദേശിക നേതാക്കൾക്ക് സംഘടനാ ബോധത്തിന്റെ കുറവുണ്ടെന്നും അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് നേതാവ് കെ.ബാബു മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
1980 മുതൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമായ എ.കെ.ശശീന്ദ്രൻ എട്ട് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എലത്തൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി മൂന്ന് തവണയാണ് അദ്ദേഹം വിജയിച്ചത്. കഴിഞ്ഞ തവണ 38,502 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് ശശീന്ദ്രൻ എലത്തൂർ നിലനിർത്തിയത്. പാർട്ടിയിൽ നിന്ന് മറ്റൊരു തീരുമാനം ഉണ്ടായില്ലെങ്കിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും എലത്തൂർ മണ്ഡലത്തിൽ എ.കെ.ശശീന്ദ്രൻ തന്നെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി എത്താനാണ് സാധ്യത.

