ന്യൂഡൽഹി: കമ്പനിയിലെ ഡിസ്‌കൗണ്ട് കോഡുകൾ ദുരുപയോഗം ചെയ്ത് രണ്ട് ലക്ഷം രൂപയുടെ ഷൂസുകൾ സ്വന്തമാക്കിയ ജീവനക്കാരന്റെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യൻ സ്‌നീക്കർ സ്റ്റാർട്ടപ്പായ ‘ഗള്ളി ലാബ്‌സ്’ (Gully Labs) ആണ് തങ്ങൾക്ക് നേരിട്ട ഈ ദുരനുഭവം വെളിപ്പെടുത്തിയത് (Employee Fraud 2 Lakh Worth Shoes). കസ്റ്റമർ സപ്പോർട്ട് വിഭാഗത്തിൽ ജോലിക്ക് ചേർന്ന യുവാവ് ഒരാഴ്ചയ്ക്കുള്ളിലാണ് ഇത്രയും വലിയ തട്ടിപ്പ് നടത്തിയത്.
ജോലിയിൽ പ്രവേശിച്ച് ആദ്യ ആഴ്ചയിൽ തന്നെ കമ്പനിയുടെ ബാക്കെൻഡ് സിസ്റ്റം ഉപയോഗിച്ച് 100% ഡിസ്‌കൗണ്ട് ലഭിക്കുന്ന കോഡുകൾ ഇയാൾ നിർമ്മിക്കുകയായിരുന്നു. ഈ കോഡുകൾ ഉപയോഗിച്ച് രണ്ട് ലക്ഷം രൂപ വിലവരുന്ന ഷൂസുകൾ ഓർഡർ ചെയ്യുകയും അവ സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുകയും ചെയ്തു. തട്ടിപ്പ് നടത്തിയ ഉടൻ തന്നെ ഇയാൾ ജോലി രാജിവെച്ചു. കമ്പനിയുടെ കോ-ഫൗണ്ടറായ അർജുൻ സിംഗ് ആണ് ഈ വിവരം എക്‌സിലൂടെ പങ്കുവെച്ചത്.
We hired a CS person a couple of months ago. Within the first week of joining he made INR 2L of 100% discount orders – sent to his friends and quit in a week.
When caught – initially he decided to cooperate and returned half the shoes but the other half were used etc.
Then he… https://t.co/OyxgNOq2OP
— Arjun (@arjuns__) February 21, 2026
പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ പകുതി ഷൂസുകൾ തിരികെ നൽകാൻ ഇയാൾ തയ്യാറായെങ്കിലും ബാക്കിയുള്ളവ ഉപയോഗിച്ചു കഴിഞ്ഞിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട കമ്പനിക്കെതിരെ ഇയാൾ വക്കീൽ നോട്ടീസ് അയച്ചതായും അർജുൻ വെളിപ്പെടുത്തി. തങ്ങളെ മാനസികമായി പീഡിപ്പിക്കുന്നു എന്നാണ് ഇയാളുടെ ആരോപണം. ഇത്തരത്തിലുള്ള ചതികൾ ഒഴിവാക്കാൻ കമ്പനിയുടെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കർക്കശമാക്കുകയാണെന്നും അർജുൻ സിംഗ് അറിയിച്ചു. ഈ വാർത്ത പുറത്തുവന്നതോടെ ഇത്തരം ജീവനക്കാരുടെ പേരുകൾ വെളിപ്പെടുത്തണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി.

