തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സ്ഥാനാർത്ഥിയാകുന്നതോടെ അധ്യക്ഷ ചുമതല കൈമാറേണ്ടതായി വരും. പേരാവൂരിൽ നിന്ന് സണ്ണി ജോസഫ് വീണ്ടും ജനവിധി തേടുമെന്ന് ഉറപ്പായതോടെയാണ് സംഘടനാ ചുമതലകളിൽ മാറ്റം വരുന്നത്.(Sunny Joseph set to contest, Who will run for the post of KPCC president?)
എംപിയായ കൊടിക്കുന്നിൽ സുരേഷിന്റെ പേരിനാണ് മുൻഗണന. നേരത്തെയും അധ്യക്ഷ പട്ടികയിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന് നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യമുണ്ടെങ്കിലും, എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന പൊതുധാരണ തിരിച്ചടിയായേക്കാം.
മുതിർന്ന നേതാവ് കെ.സി. ജോസഫിന്റെ പേരും സജീവ പരിഗണനയിലുണ്ട്. സമുദായ സംഘടനകളുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധം ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ആന്റോ ആന്റണി, ഷാഫി പറമ്പിൽ എന്നിവരെ പരിഗണിക്കണമെന്നും പാർട്ടിയിൽ അഭിപ്രായമുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ നിയോഗിക്കണമെന്നാണ് സംസ്ഥാന നേതാക്കളുടെ പൊതുവായ ആവശ്യം. ഏതെങ്കിലും ഒരു നേതാവിലേക്ക് കേന്ദ്രീകരിക്കാതെ കൂട്ടായ നേതൃത്വമാകും തെരഞ്ഞെടുപ്പിനെ നയിക്കുക.



