ടെഹ്‌റാൻ: ഇറാനിലെ സർവ്വകലാശാലകളിൽ പുതിയ സെമസ്റ്റർ ആരംഭിച്ച ശനിയാഴ്ച രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധങ്ങൾ അരങ്ങേറി (Iranian University Student Protests). പലയിടങ്ങളിലും പ്രതിഷേധക്കാരും സർക്കാർ അനുകൂല ഗ്രൂപ്പുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി പ്രാദേശിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസത്തെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ ഓർമ്മയ്ക്കായി നടന്ന നാൽപ്പതാം നാൾ ചടങ്ങുകൾക്ക് പിന്നാലെയാണ് വിദ്യഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വീണ്ടും സമരം ശക്തമായത്.
ടെഹ്‌റാനിലെ ഷെരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിൽ നടന്ന മാർച്ചിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ‘കൊലയാളി ഭരണാധികാരി’ എന്ന് വിളിച്ച വിദ്യാർത്ഥികൾ, നാടുകടത്തപ്പെട്ട മുൻ ഷാ ഭരണാധികാരിയുടെ മകൻ റെസ പഹ്‌ലവിയെ പുതിയ രാജാവായി വാഴിക്കാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പ്രക്ഷോഭകർ സർക്കാർ അനുകൂല ബസിജ് മിലിഷ്യയ്ക്ക് നേരെ കല്ലെറിഞ്ഞതായും ഇതിൽ ചിലർക്ക് പരിക്കേറ്റതായും ഔദ്യോഗിക വാർത്താ ഏജൻസിയായ എസ്എൻഎൻ റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ തന്നെ ബെഹെഷ്തി, അമീർ കബീർ സർവ്വകലാശാലകളിലും വടക്കുകിഴക്കൻ ഇറാനിലെ മഷ്ഹദ് യൂണിവേഴ്‌സിറ്റിയിലും പ്രതിഷേധങ്ങൾ നടന്നതായി മനുഷ്യാവകാശ സംഘടനകൾ പുറത്തുവിട്ട ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
പടിഞ്ഞാറൻ നഗരമായ അബ്ദാനാനിൽ ഒരു അധ്യാപകനെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് “ഖമേനിക്ക് മരണം”, “ഏകാധിപതിക്ക് മരണം” എന്നീ മുദ്രാവാക്യങ്ങളുമായി ജനങ്ങൾ തെരുവിലിറങ്ങി. 1979-ലെ ഇസ്‌ലാമിക് വിപ്ലവത്തിന് ശേഷം ഇറാാൻ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര പ്രക്ഷോഭമാണ് കഴിഞ്ഞ മാസങ്ങളിൽ നടന്നത്. ആയിരക്കണക്കിന് ആളുകൾ സുരക്ഷാ സേനയുടെ നടപടികളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള കരാറിന് പത്ത് മുതൽ പതിനഞ്ച് ദിവസത്തെ സമയപരിധി നിശ്ചയിച്ചിരിക്കെയാണ് ആഭ്യന്തര സംഘർഷം വീണ്ടും രൂക്ഷമാകുന്നത്.
Summary: Protests erupted across several Iranian universities as the new semester began, with students clashing with pro-government groups.

