തിരുവനന്തപുരം: കേരളത്തിൽ അതിവേഗ റെയിൽ പദ്ധതി നടപ്പിലാക്കുമെന്ന ഇ. ശ്രീധരന്റെ പ്രഖ്യാപനത്തോടും അനുബന്ധ രാഷ്ട്രീയ സാഹചര്യങ്ങളോടും പ്രതികരിച്ച് രമേശ് ചെന്നിത്തല. സർക്കാർ പദ്ധതികളെയും പാർട്ടിയിലെ ആഭ്യന്തര ചർച്ചകളെയും കുറിച്ച് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു.(Ramesh Chennithala responds to E Sreedharan’s announcement and Shashi Tharoor controversy)
കെ റെയിൽ പദ്ധതി ഉപേക്ഷിച്ചെങ്കിൽ, അതിനായി ജനങ്ങളുടെ ഭൂമിയിൽ സ്ഥാപിച്ച മഞ്ഞക്കുറ്റികൾ എടുത്തുമാറ്റാൻ സർക്കാർ തയ്യാറാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കുറ്റികൾ ഉള്ളതിനാൽ ആളുകൾക്ക് ഭൂമി വിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പല പ്രഖ്യാപനങ്ങളും ഉണ്ടാകും. ഈ സർക്കാരിന്റെ കാലത്ത് ഒന്നും നടക്കാൻ പോകുന്നില്ല. കെ.വി. തോമസ് പറഞ്ഞ കാര്യങ്ങൾ എപ്പോഴെങ്കിലും നടന്നിട്ടുണ്ടോ എന്നും അദ്ദേഹം പരിഹസിച്ചു. ശശി തരൂർ പാർട്ടി നേതൃത്വവുമായി അതൃപ്തിയിലാണെന്ന വാർത്തകൾ ചെന്നിത്തല തള്ളി. തരൂർ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് പരാതികളില്ലെന്നും ചെന്നിത്തല പറഞ്ഞു.
ശശി തരൂർ ഒരു രാഷ്ട്രീയ നേതാവ് മാത്രമല്ല, അദ്ദേഹം ഒരു മികച്ച എഴുത്തുകാരനും ഗ്രന്ഥകാരനുമാണ്. ഞങ്ങൾ 100 ശതമാനം പാർട്ടിക്കാരെപ്പോലെയല്ല അദ്ദേഹം, അദ്ദേഹത്തിന്റേതായ മറ്റ് തിരക്കുകളുണ്ട് എന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു.
തന്റെ മണ്ഡലത്തിലെ മുസ്ലിം സമുദായത്തിന്റെ വോട്ടുകൾ ബിജെപി ബോധപൂർവ്വം വെട്ടുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. ഫോം 7 ഉപയോഗിച്ച് ന്യൂനപക്ഷ വോട്ടുകൾ നീക്കം ചെയ്യുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര നിർദ്ദേശപ്രകാരം ഡിഎംആർസിയുടെ (DMRC) നേതൃത്വത്തിലാണ് പുതിയ അതിവേഗ പാത ഒരുങ്ങുന്നത്. സിൽവർ ലൈനിന് പകരമായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ ആണ് ദൂരം. യാത്രാസമയം വെറും 3 മണിക്കൂർ 15 മിനിറ്റ് ആണ്. ആകെ 22 സ്റ്റേഷനുകൾ ഉണ്ട്. തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂർ വിമാനത്താവളങ്ങളെ ഇത് പരസ്പരം ബന്ധിപ്പിക്കുന്നു.



