കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ സർക്കാരിന് മറ്റ് പ്രതിരോധങ്ങൾ ഇല്ലാത്തതുകൊണ്ടാണ് മന്ത്രിമാർ അസംബന്ധങ്ങൾ വിളിച്ചുപറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണമെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നും മന്ത്രിമാർ പറയുന്നത് കേട്ട് തങ്ങൾ ലജ്ജിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.(Ashamed of the ministers’ lack of knowledge, VD Satheesan on Sabarimala gold theft case)
“വിവരദോഷികൾ” എന്ന വാക്ക് വിളിച്ച് താൻ ഇതുവരെ ആരെയും അധിക്ഷേപിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണക്കൊള്ളക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് പ്രതികളെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാത്തതിനാൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ സാഹചര്യമൊരുക്കിയത് അന്വേഷണസംഘത്തിന്റെ ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.



