ഇടുക്കി: കുട്ടിക്കാനം-കട്ടപ്പന പാതയുടെ നിർമ്മാണം പൂർത്തിയായതിന്റെ ആഘോഷഭാഗമായി കിഫ്ബിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഹിൽ ഹൈവേ റൺ’ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ബോളിവുഡ് താരവും ദീർഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമൻ നയിച്ച കൂട്ടയോട്ടം ഇടുക്കിയുടെ മലയോര പാതകൾക്ക് പുത്തൻ ദൃശ്യാനുഭവമായി.(Milind Soman-led Hill Highway Run concludes with excitement)
രാവിലെ ഏഴ് മണിക്ക് കുട്ടിക്കാനം മരിയൻ കോളേജ് ഗ്രൗണ്ടിൽ മന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. കുട്ടിക്കാനത്ത് നിന്ന് ആരംഭിച്ച് ചപ്പാത്ത് വരെയുള്ള 20 കിലോമീറ്റർ ദൂരമാണ് മിലിന്ദ് സോമൻ ഓടിത്തീർത്തത്. മിലിന്ദ് സോമനൊപ്പം വനിതാ ബൈക്ക് റൈഡർമാർ, റോളർ സ്കേറ്റിംഗ് താരങ്ങൾ, സൈക്ലിസ്റ്റുകൾ, ബുള്ളറ്റ് റൈഡർമാർ എന്നിവർ അണിനിരന്നത് റണ്ണിന് ഉത്സവപ്രതീതി നൽകി.
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിച്ചു. ചടങ്ങിൽ വെച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇടുക്കിയുടെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പുതിയ ‘മലയോര തുരങ്കപാത’ പ്രഖ്യാപിച്ചു. ഓട്ടം വിജയകരമായി പൂർത്തിയാക്കിയവർക്ക് ചപ്പാത്തിൽ വെച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഓട്ടത്തിന് ശേഷം ഇടുക്കിയുടെ പ്രകൃതിഭംഗിയെ മിലിന്ദ് സോമൻ പുകഴ്ത്തി. പ്രകൃതി ഭംഗിയുള്ള സ്ഥലമാണിത്. ഓട്ടം ശരിക്കും ആസ്വദിച്ചു. ഇന്ത്യയിലെ എല്ലാ മാരത്തോൺ ഓട്ടക്കാരും ഇടുക്കിയിലെ ഹൈവേയിൽ ഓടാൻ എത്തണമെന്നും മിലിന്ദ് സോമൻ പറഞ്ഞു.

