മുംബൈ: 2026-ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ സെമി ഫൈനലിൽ പ്രവേശിക്കുകയാണെങ്കിൽ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുകയെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത് (T20 World Cup). എന്നാൽ സെമിയിൽ ഇന്ത്യയുടെ എതിരാളികൾ പാകിസ്ഥാനാണെങ്കിൽ മത്സരം മുംബൈയിൽ നിന്നും കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലേക്ക് മാറ്റും. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ലോകകപ്പിന് വേദിയൊരുക്കുന്നത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങൾ നിഷ്പക്ഷ വേദികളിൽ മാത്രമേ നടത്തുകയുള്ളൂ എന്ന നിലവിലെ ‘ഹൈബ്രിഡ് മോഡൽ’ കരാർ പ്രകാരമാണ് ഈ തീരുമാനം. 2027 വരെ നിലവിലുള്ള ഈ കരാർ അനുസരിച്ച് പാകിസ്ഥാൻ ടീം ഇന്ത്യയിൽ കളിക്കില്ല. അതിനാൽ സൂപ്പർ 8 ഘട്ടത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും സെമിയിൽ നേർക്കുനേർ വരികയാണെങ്കിൽ മാർച്ച് 4-ന് കൊളംബോയിലായിരിക്കും ഈ ആവേശപ്പോരാട്ടം നടക്കുക. മറ്റേതെങ്കിലും ടീമാണ് ഇന്ത്യയുടെ എതിരാളികളെങ്കിൽ മാർച്ച് 5-ന് മുംബൈയിൽ തന്നെ സെമി നടക്കും.
പാകിസ്ഥാൻ സെമിയിൽ പ്രവേശിക്കുകയാണെങ്കിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നിശ്ചയിച്ചിരുന്ന ആദ്യ സെമി ഫൈനലും കൊളംബോയിലേക്ക് മാറ്റും. കൊളംബോയിൽ സെമി നടക്കുകയാണെങ്കിൽ ഇന്ത്യക്ക് ‘ഹോളി’ ആഘോഷങ്ങളുടെ ദിവസം കളത്തിലിറങ്ങേണ്ടി വരും എന്ന പ്രത്യേകതയുമുണ്ട്. അതേസമയം, ലോകകപ്പിന്റെ സഹ ആതിഥേയരായ ശ്രീലങ്ക സെമിയിൽ പ്രവേശിക്കുകയാണെങ്കിൽ അവർക്ക് ഇന്ത്യയിലേക്ക് വന്ന് കളിക്കേണ്ടി വരുമെന്നതും ശ്രദ്ധേയമാണ്. പാകിസ്ഥാൻ സെമിയിൽ എത്തുന്ന സാഹചര്യം ഒഴിവായാൽ മാത്രമേ മുംബൈക്ക് ഇന്ത്യയുടെ സെമി പോരാട്ടത്തിന് വേദിയാകാൻ സാധിക്കൂ.

