എറണാകുളം: വാളകം കുന്നയ്ക്കാൽ നെടുങ്ങാൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തുന്ന മുഖാഭരണത്തിലെ സ്വർണ്ണഭാഗം മോഷ്ടിക്കപ്പെട്ടു. സംഭവത്തിൽ ക്ഷേത്രസമിതിയുടെയും ഊരാഴ്മയുടെയും പരാതിയിൽ മൂവാറ്റുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.(Theft at Nedungal Sree Krishna Swamy Temple)
മുഖാഭരണത്തിന്റെ കിരീടം വെള്ളിയും ചെവികൾ പിച്ചളയുമാണ്. ഇതിൽ സ്വർണ്ണത്തിൽ തീർത്ത ഭാഗം മാത്രമാണ് മോഷ്ടാക്കൾ കവർന്നത്. മുഖക്കാപ്പിലെ ഇടതുകണ്ണിന്റെ ഒരു ഭാഗവും വലതുകണ്ണിന്റെ താഴെ മുതലുള്ള ഭാഗങ്ങളും ഒടിച്ചുമാറ്റിയ നിലയിലാണ്. മൂക്ക് മുതൽ താഴോട്ടുള്ള ഭാഗം പൂർണ്ണമായും നഷ്ടപ്പെട്ടിട്ടുണ്ട്.
ഏകദേശം മൂന്ന് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. സാധാരണ വിലപിടിപ്പുള്ള ആഭരണങ്ങൾ സുരക്ഷിതമായ മറ്റൊരു സ്ഥലത്താണ് സൂക്ഷിക്കാറുള്ളത്. എന്നാൽ ഇത്തവണ അവസാനമായി ചാർത്തിയ ശേഷം ആഭരണം ക്ഷേത്രം ഓഫീസിലാണ് സൂക്ഷിച്ചിരുന്നത്. ഫെബ്രുവരി 14-ന് ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. 40 ദിവസം മുമ്പാണ് ഇത് അവസാനമായി വിഗ്രഹത്തിൽ ചാർത്തിയത്.

