തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജ് ചികിത്സാപ്പിഴവിനെച്ചൊല്ലി ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഡി.വൈ.എഫ്.ഐ. മന്ത്രിയുടെ വസതിക്ക് നേരെയും യോഗങ്ങളിലുണ്ടായ പ്രതിഷേധങ്ങൾക്കും പിന്നാലെയാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.(DYFI’s warning to Youth Congress following violence at Health Minister’s residence)
ആ കളി അവസാനിപ്പിച്ചേക്ക് എന്നാണ് യൂത്ത് കോൺഗ്രസിനോട് വി. വസീഫ് പ്രതികരിച്ചത്. മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും വസതിയിലേക്ക് അതിക്രമിച്ചു കയറി റീത്ത് വെക്കുന്നതും ജനാധിപത്യപരമായ സമരമുറയല്ലെന്നും, ഇത്തരം പ്രകോപനങ്ങൾ അനുവദിക്കില്ലെന്നും ഡി.വൈ.എഫ്.ഐ നേതൃത്വം വ്യക്തമാക്കി.
രാവിലെ എട്ട് മണിയോടെ മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സുരക്ഷാ വലയം ഭേദിച്ച് ഉള്ളിൽ കടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രധാന വാതിലിൽ റീത്ത് വെച്ചു. മൂന്ന് പോലീസുകാർ മാത്രമാണ് സംഭവസ്ഥലത്തുണ്ടായിരുന്നത് എന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. പത്തനംതിട്ട ടൗൺഹാളിൽ മന്ത്രി പങ്കെടുത്ത യോഗം കോൺഗ്രസ് ജനപ്രതിനിധികളുടെ പ്രതിഷേധത്തെത്തുടർന്ന് അലങ്കോലമായി. എൽ.ഡി.എഫ് പ്രതിനിധികൾ പ്രതിഷേധം പ്രതിരോധിച്ചതോടെ യോഗം സംഘർഷത്തിൽ കലാശിക്കുകയും തുടർന്ന് നിർത്തിവെക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ വൻ കയ്യാങ്കളിയാണ് തലസ്ഥാനത്ത് അരങ്ങേറിയത്. കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോകാൻ അനുവദിക്കാതെ പ്രവർത്തകർ പോലീസ് വാഹനം തടയുകയും ചെയ്തു.

