Description
Friday, February 20, 2026

HomeWorldഉപരോധങ്ങളും ആഭ്യന്തര പ്രക്ഷോഭങ്ങളും: 36 വർഷത്തെ ഭരണത്തിനിടെയുള്ള ഏറ്റവും വലിയ പ്രതിസന്ധിയിൽ...

ഉപരോധങ്ങളും ആഭ്യന്തര പ്രക്ഷോഭങ്ങളും: 36 വർഷത്തെ ഭരണത്തിനിടെയുള്ള ഏറ്റവും വലിയ പ്രതിസന്ധിയിൽ ഖമേനി; ഇറാൻ രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾ | Ayatollah Ali Khamenei

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി (Ayatollah Ali Khamenei) തന്റെ 36 വർഷത്തെ ഭരണകാലത്തെ ഏറ്റവും വലിയ വെല്ലുവിളിയെ അഭിമുഖീകരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആക്രമണ ഭീഷണിയും രാജ്യത്തിനകത്തെ കടുത്ത ജനകീയ പ്രക്ഷോഭങ്ങളും ഖമേനിയുടെ അധികാരത്തെ ഉലയ്ക്കുകയാണ്. യുഎസ് വ്യോമാക്രമണം ഒഴിവാക്കാൻ ഇറാനിയൻ പ്രതിനിധികൾ ജനീവയിൽ പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും, യുഎസ് യുദ്ധക്കപ്പലുകൾ മുക്കിക്കളയുമെനന്നായിരുന്നു ഖമേനിയുടെ മുന്നറിയിപ്പ്.

ജനുവരിയിൽ ഇറാനിലുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുള്ള പ്രക്ഷോഭങ്ങളെ ഭരണകൂടത്തിന്റെഉരുക്ക് മുഷ്ടികൾ കൊണ്ട് അടിച്ചമർത്തിയിരുന്നു. ഈ പ്രക്ഷോഭങ്ങളിൽ അയ്യായിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഭരണകൂടത്തിന്റെ കണക്കുകൾ മൂവായിരത്തിൽ താഴെ മാത്രമാണ്. ജനകീയ പ്രക്ഷോഭം ആരംഭിച്ച് വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കൊണ്ട് തന്നെ ഈ വർഷം നടന്ന ഏറ്റവും വലിയ അടിച്ചമർത്തലുകളിൽ ഒന്നായി ഇത് മാറിയിരുന്നു. ഇതിനിടെ ഇറാന്റെ ആണവ-മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും ആക്രമണം നടത്തുമെന്ന ഭീഷണി നിലനിൽക്കുകയാണ്. എന്നാൽ രാജ്യത്തിന്റെ സുരക്ഷയ്ക്ക് അനിവാര്യമായ ബാലസ്റ്റിക് മിസൈലുകൾ ഉപേക്ഷിക്കില്ലെന്ന കർക്കശമായ നിലപാടിലാണ് ഖമേനി.

അമേരിക്കയുമായുള്ള ബന്ധം വഷളായ പശ്ചാത്തലത്തിൽ, ഇറാന്റെ കറൻസിയായ റിയാൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിടുകയാണ്. കഴിഞ്ഞ വർഷം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഖമേനിയുടെ വിശ്വസ്തരായ പല കമാൻഡർമാരും കൊല്ലപ്പെട്ടിരുന്നു. നിലവിൽ ലബനനിലെ ഹിസ്ബുള്ളയ്ക്കും സിറിയയിലെ ബഷർ അൽ അസദിനും തിരിച്ചടികൾ നേരിട്ടതോടെ മേഖലയിൽ ഇറാന്റെ സ്വാധീനം പശ്ചിമേഷ്യയിൽ കുറഞ്ഞിരിക്കുകയാണ്. എന്നിരുന്നാലും, 86 വയസ്സുകാരനായ ഖമേനി അമേരിക്കൻ പ്രകോപനങ്ങൾക്ക് മുന്നിൽ വഴങ്ങില്ലെന്നും ഏത് സൈനിക നീക്കത്തെയും നേരിടാൻ ഇറാൻ തയ്യാറാണെന്നും പ്രഖ്യാപിച്ചു.

എന്നാൽ, ഖമേനിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് അദ്ദേഹത്തിന്റെ പിൻഗാമിയെ സംബന്ധിച്ച ചർച്ചകൾ അസംബ്ലി ഓഫ് എക്സ്പെർട്‌സിൽ സജീവമാണ്. ഖമേനിയുടെ രണ്ടാമത്തെ മകൻ മുജ്തബ ഖമേനിയെ പിൻഗാമിയായി രഹസ്യമായി തിരഞ്ഞെടുത്തതായി റിപ്പോർട്ടുകളുണ്ട്. മുൻപ് പ്രമുഖ സ്ഥാനാർത്ഥിയായിരുന്ന പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതോടെയാണ് മുജ്തബയുടെ സാധ്യതകൾ വർദ്ധിച്ചത്. എന്നാൽ കുടുംബവാഴ്ചയ്ക്ക് എതിരെ ഇറാന്റെ ഉള്ളിൽത്തന്നെ ഒരു വിഭാഗം വൈദികർ രംഗത്തെത്തിയത് ഭരണകൂടത്തിനുള്ളിൽ ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. മുജ്തബയ്ക്ക് റവല്യൂഷണറി ഗാർഡ്‌സിന്റെ പൂർണ്ണ പിന്തുണയുണ്ടെങ്കിലും ഇത് രാജ്യത്തെ പുതിയൊരു ആഭ്യന്തര കലാപത്തിലേക്ക് നയിക്കുമോ എന്ന ഭയത്തിലാണ് അന്താരാഷ്ട്ര സമൂഹം.

അതിനിടെ, അമേരിക്കയുടെ സൈനിക നീക്കങ്ങളെ പ്രതിരോധിക്കാൻ ഇറാൻ തങ്ങളുടെ ആണവ-മിസൈൽ കേന്ദ്രങ്ങൾ ഭൂമിക്കടിയിലെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റുന്നതായി ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. റഷ്യയും ചൈനയുമായി ചേർന്ന് ‘മാരിടൈം സെക്യൂരിറ്റി ബെൽറ്റ് 2026’ എന്ന പേരിൽ ഹോർമുസ് കടലിടുക്കിൽ ഇറാൻ സംയുക്ത നാവിക അഭ്യാസം ആരംഭിച്ചു കഴിഞ്ഞു. അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്നും ഇത് ആഗോള ഇന്ധന വിതരണത്തെ ബാധിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നു. ഒമാൻ തലസ്ഥാനമായ മസ്‌കറ്റിലും ജനീവയിലും നടക്കുന്ന ചർച്ചകൾ പരാജയപ്പെട്ടാൽ പശ്ചിമേഷ്യയിൽ വീണ്ടുമൊരു വൻയുദ്ധത്തിന് കളമൊരുങ്ങുമെന്ന ആശങ്കയിലാണ് ലോകം.

Summary: Iran’s Supreme Leader Ayatollah Ali Khamenei faces the gravest crisis of his 36-year rule due to mounting US military threats and domestic unrest.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala