തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെയും പ്രതിപക്ഷത്തിന്റെ നിലപാടുകളെയും രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബാർ സമയം നീട്ടിയത് ബാർ മുതലാളിമാരിൽ നിന്ന് പണം പിരിച്ചെടുക്കാനാണെന്ന് അവർ ആരോപിച്ചു. ടൂറിസത്തിന്റെ പേര് പറഞ്ഞ് എക്സൈസ് മന്ത്രി ജനങ്ങളെ അപമാനിക്കുകയാണെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.(Bar hours extended to collect money from bar owners, says Sobha Surendran)
ചോദിക്കുന്നവർക്കെല്ലാം പെട്ടിക്കട പോലെ ബാർ അനുവദിക്കുകയാണ്. കോടിക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന ഗുജറാത്തിൽ മദ്യനിരോധനമുണ്ടെന്ന കാര്യം സർക്കാർ മറക്കരുത്. വിനോദസഞ്ചാരികൾ വരുന്നത് നാട് കാണാനാണോ അതോ കള്ള് കുടിക്കാനാണോ എന്ന് എക്സൈസ് മന്ത്രി വ്യക്തമാക്കണം.
സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം നിലവിൽ മരവിപ്പിച്ച അവസ്ഥയിലാണ്. ബിജെപിയുടെ ആഭ്യന്തര മന്ത്രി ഉണ്ടാകുന്നത് വരെ മാത്രമേ ഇത്തരം കള്ളന്മാർക്ക് പുറത്ത് വിഹരിക്കാൻ കഴിയൂ. ദേവസ്വം ബോർഡുകൾ പിരിച്ചുവിടണമെന്നും അവർ ആവശ്യപ്പെട്ടു.
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രിയെ കണ്ട് ഇന്ത്യയിൽ മുസ്ലിങ്ങൾ സുരക്ഷിതരാണെന്ന് വ്യക്തമാക്കിയിട്ടും വി.ഡി. സതീശൻ അത് അംഗീകരിക്കുന്നില്ല. ജമാഅത്തെ ഇസ്ലാമിയെ മടിയിലിരുത്തി മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. കേരള സ്റ്റോറി 2 സിനിമ മുഴുവൻ കാണാതെ അഭിപ്രായം പറയാനില്ലെന്ന് വ്യക്തമാക്കിയ അവർ, രഹസ്യ കേന്ദ്രങ്ങളിൽ നിന്ന് രക്ഷപ്പെട്ട ഒട്ടേറെ പെൺകുട്ടികളുടെ കഥകൾ പുറത്തുവന്നിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും. കേരളത്തിലെ ഏത് മണ്ഡലത്തിൽ നിന്നും തന്നെ പ്രവർത്തകർ വിളിക്കുന്നുണ്ടെന്നും അത് സന്തോഷകരമാണെന്നും അവർ വ്യക്തമാക്കി.



