ഹൈദരാബാദ്: വിവാഹമോചനത്തിന് പിന്നാലെ ഉണ്ടായ പകയെത്തുടർന്ന് യുവതിയെ മുൻ ഭർത്താവ് വീടിനുള്ളിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്തി. വനസ്ഥലിപുരം സ്വദേശിനിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ സുനിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ദേവരകൊണ്ട മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.(Man stabs pregnant ex-wife to death in Hyderabad)
കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്തതാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. 2022-ൽ വിവാഹിതരായ ഇവർ കാനഡയിൽ താമസിക്കുന്നതിനിടെ അഭിപ്രായവ്യത്യാസമുണ്ടാവുകയും സുനിത ഇന്ത്യയിലേക്ക് മടങ്ങി വിവാഹമോചനം നേടുകയും ചെയ്തു. ഇവർ നൽകിയ ഗാർഹിക പീഡന പരാതിയെത്തുടർന്ന് മഹേഷിന്റെ പാസ്‌പോർട്ട് പോലീസ് പിടിച്ചെടുത്തിരുന്നു. ഇതോടെ കാനഡയിലേക്ക് മടങ്ങാൻ കഴിയാത്തതിന്റെയും സുനിത പുനർവിവാഹം കഴിച്ചതിന്റെയും പകയാണ് കൊലപാതകത്തിൽ കലാശിച്ചത്.
കഴിഞ്ഞ രണ്ട് മാസമായി ഹൈദരാബാദിലെ ഒരു ഹോസ്റ്റലിൽ താമസിച്ചാണ് മഹേഷ് ആക്രമണം പ്ലാൻ ചെയ്തത്. സുനിതയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഇയാൾ താമസസ്ഥലം കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. രണ്ട് കത്തികൾ, ഡ്രില്ലിംഗ് മെഷീൻ, ചെയിൻസോ, അഞ്ച് ലിറ്റർ പെട്രോൾ എന്നിവ അടങ്ങിയ ബാഗുമായാണ് ഇയാൾ അപ്പാർട്ട്മെന്റിൽ എത്തിയത്.
സുനിത ജോലി ചെയ്തിരുന്ന മുറിയിൽ കയറി വാതിൽ അകത്ത് നിന്ന് പൂട്ടിയ ശേഷം ക്രൂരമായി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് വീട്ടുകാർ എത്തുമ്പോഴേക്കും സുനിത മരിച്ചിരുന്നു. പോലീസ് എത്തിയപ്പോൾ മുറിക്കുള്ളിൽ പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മഹേഷ്, പിന്നീട് ബാത്ത്റൂമിൽ കയറി ഒളിക്കുകയായിരുന്നു.



