ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാന എണ്ണ സ്രോതസ്സായിരുന്ന റഷ്യയിൽ നിന്നുള്ള ഇറക്കുമതിയിൽ വൻ കുറവ് രേഖപ്പെടുത്തി. 2022 നവംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലേക്കാണ് റഷ്യൻ എണ്ണയുടെ വരവ് എത്തിയത്. പകരം മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇതേ കാലയളവിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തുകയും ചെയ്തു.(Huge drop in Russian oil imports, India becomes active again in the Middle East market)
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരാണ് ഇന്ത്യ. നവംബർ മുതൽ റഷ്യൻ എണ്ണയുടെ വരവ് കുറഞ്ഞു തുടങ്ങി. കഴിഞ്ഞ മാസം പ്രതിദിനം 1.1 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ മാത്രമാണ് ഇറക്കുമതി ചെയ്തത്. ഇതോടെ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ പങ്ക് 21.2% ആയി കുറഞ്ഞു.
റഷ്യയിൽ നിന്നുള്ള എണ്ണ കുറഞ്ഞതോടെ ഇന്ത്യൻ റിഫൈനറുകൾ വീണ്ടും മിഡിൽ ഈസ്റ്റ് രാജ്യങ്ങളെ ആശ്രയിച്ചു തുടങ്ങി. ജനുവരിയിൽ ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ 55 ശതമാനവും മിഡിൽ ഈസ്റ്റിൽ നിന്നായിരുന്നു. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ വിതരണം ചെയ്യുന്ന രാജ്യമെന്ന സ്ഥാനം സൗദി അറേബ്യ തിരിച്ചുപിടിച്ചു. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി 10 ശതമാനമായി വർധിക്കുകയും ചെയ്തു.



