പട്ന: പരീക്ഷാ കേന്ദ്രത്തിൽ പത്ത് മിനിറ്റ് വൈകിയെത്തിയതിന് അധികൃതർ പ്രവേശനം നിഷേധിച്ചതിൽ മനംനൊന്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി. പട്നയിലെ ബർണിയിൽ പരീക്ഷ എഴുതാനെത്തിയ കോമൾ കുമാരിയാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടി മരിച്ചത്. അധികൃതരുടെ കടുംപിടുത്തം ഒരു കൗമാരക്കാരിയുടെ ജീവൻ കവർന്നത് ബിഹാറിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.(10th grade student commits suicide after being 10 minutes late for exam, denied admission)
ചൊവ്വാഴ്ചയായിരുന്നു കോമളിന്റെ പത്താം ക്ലാസ് പരീക്ഷ നടക്കേണ്ടിയിരുന്നത്. പരീക്ഷാ കേന്ദ്രത്തിന് സമീപമെത്താനായി തിങ്കളാഴ്ച തന്നെ കോമൾ ബന്ധുവീട്ടിലെത്തിയിരുന്നു. എന്നാൽ പരീക്ഷാ ദിനത്തിൽ വിധി മറ്റൊന്നായിരുന്നു. പരീക്ഷ ഒൻപതരയ്ക്ക് ആരംഭിക്കുമെങ്കിലും റിപ്പോർട്ടിംഗ് സമയം രാവിലെ 9 മണിയായിരുന്നു. കോമൾ 9.10-ന് പരീക്ഷാ കേന്ദ്രത്തിലെത്തിയപ്പോഴേക്കും ഗേറ്റ് അടച്ചിരുന്നു. പരീക്ഷാ ഹാളിനുള്ളിലേക്ക് പ്രവേശിപ്പിക്കണമെന്ന് അധികൃതരോടും ജീവനക്കാരോടും കോമൾ കരഞ്ഞു അപേക്ഷിച്ചെങ്കിലും ആരും കനിഞ്ഞില്ല.
പരീക്ഷ എഴുതാൻ സാധിക്കാത്തതിലെ കടുത്ത നിരാശയിൽ വീട്ടിലേക്ക് മടങ്ങാൻ ട്രെയിനിൽ കയറിയ കോമൾ, തരേഗ്നയ്ക്കും മസൗർഹി കോടതി സ്റ്റേഷനും ഇടയിൽ വെച്ച് പുറത്തേക്ക് ചാടുകയായിരുന്നു. നദൗൾ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറിയ പെൺകുട്ടി പാളത്തിലേക്ക് ചാടുകയായിരുന്നു. മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് പോലീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് മരിച്ചത് കോമൾ ആണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
ദിവസവേതനക്കാരായ മാതാപിതാക്കളുടെ മൂന്ന് മക്കളിൽ മൂത്തവളായിരുന്നു കോമൾ. ഒരു വർഷത്തെ അധ്വാനം പത്ത് മിനിറ്റിന്റെ പേരിൽ ഇല്ലാതാക്കിയ പരീക്ഷാ ബോർഡിന്റെ കർശന നിയമങ്ങൾക്കെതിരെ മേഖലയിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.



