കൊല്ലം: പെരുമ്പുഴയിൽ നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം അഴുകിയ നിലയിൽ കണ്ടെത്തി. പെരുമ്പുഴ പുനുക്കന്നൂർ മഹിമാലയത്തിൽ സുജാത ആണ് മരിച്ചത്. കേരളപുരത്തിന് സമീപം റെയിൽവേ ട്രാക്കിനോട് ചേർന്ന ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്.(Missing woman’s body found decomposing near railway tracks)
പെരുമ്പുഴ അഞ്ചുമുക്കിലെ വാടക വീട്ടിൽ താമസിച്ചിരുന്ന സുജാതയെ ഈ മാസം 15-ന് രാത്രി 7.15 മുതലാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. റെയിൽവേ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.
വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ മൃതദേഹം സുജാതയുടേതാണെന്ന് സ്ഥിരീകരിച്ചു. സുജാത ഏറെ നാളായി രോഗബാധിതയായി ചികിത്സയിലായിരുന്നുവെന്നും ഇത് മൂലം കടുത്ത മാനസിക വിഷമം അനുഭവിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. മുൻപും ഇവർ വീടുവിട്ടു പോയിട്ടുണ്ടെന്നും അന്ന് ഓച്ചിറയിൽ നിന്നാണ് കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു.



