ഭദോഹി: ഉത്തർപ്രദേശിൽ സ്ത്രീധനത്തിന്റെ പേരിൽ രണ്ട് മാസം ഗർഭിണിയായ യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് അതിക്രൂരമായി മർദ്ദിച്ചു (UP Pregnant Woman Assault). രണ്ട് ലക്ഷം രൂപയും സ്ഥലവും സ്ത്രീധനമായി ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. യുവതിയുടെ ഗർഭം അലസിപ്പിക്കാൻ ലക്ഷ്യമിട്ട് വയറ്റിൽ പലതവണ ചവിട്ടിയതായും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.
മിർസാപൂർ സ്വദേശി റിയാസ് അഹമ്മദും തസ്‌ലീമയും 2022-ലാണ് വിവാഹിതരായത്. വിവാഹശേഷം നിരന്തരമായി പണം ആവശ്യപ്പെട്ട് ഇവർ യുവതിയെ പീഡിപ്പിക്കാറുണ്ടായിരുന്നു. ഡിസംബർ മാസത്തിൽ അതിശൈത്യത്തിനിടയിൽ ഇവരെ വീട്ടിൽ നിന്നും പുറത്താക്കി. പിന്നീട് ഫെബ്രുവരിയിൽ തിരികെ വിളിച്ചുവെങ്കിലും തസ്‌ലീമ ഗർഭിണിയാണെന്ന് അറിഞ്ഞതോടെ വീണ്ടും ഉപദ്രവം തുടങ്ങുകയായിരുന്നു. ഫെബ്രുവരി 5-ന് നടന്ന മർദ്ദനത്തിൽ ഭർത്താവിന്റെ സഹോദരൻ യുവതിയുടെ വയറ്റിൽ ചവിട്ടുകയും ഭർത്താവ് കഴുത്തിന് ഞെക്കി കൊല്ലാൻ ശ്രമിക്കുകയും ചെയ്തു.
യുവതിയുടെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ ഭർത്താവ് റിയാസ് അഹമ്മദ്, ഭർതൃപിതാവ് മുമ്താസ്, മാതാവ് ഷക്കീല എന്നിവരുൾപ്പെടെ അഞ്ച് പേർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും സ്ത്രീധന നിരോധന നിയമപ്രകാരവും പോലീസ് കേസെടുത്തു. ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Summary: A two-month pregnant woman in Uttar Pradesh was brutally assaulted by her husband and in-laws over dowry demands of Rs 2 lakh and land.



