കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി നടൻ ജയറാം ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായേക്കും. കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്തി മൊഴി നൽകാനാണ് നിർദ്ദേശം. കേസിലെ മുഖ്യപ്രതിയായ പോറ്റിയുമായി ജയറാമിന് സാമ്പത്തിക ഇടപാടുകളുണ്ടോ എന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്.(Sabarimala gold theft case, Actor Jayaram may appear before ED today)
ശബരിമലയിലെ ദ്വാരപാലക പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയ സംഭവത്തിൽ കൂടുതൽ വ്യക്തത തേടും. പ്രതിയുമായി പണമിടപാടുകൾ നടന്നിട്ടുണ്ടോ എന്ന് ഇ.ഡി പരിശോധിക്കും. എന്നാൽ, തനിക്ക് പോറ്റിയുമായി സൗഹൃദം മാത്രമാണുള്ളതെന്നും ഒരു രൂപയുടെ പോലും പണമിടപാട് നടത്തിയിട്ടില്ലെന്നുമാണ് ജയറാം നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
കേസുമായി ബന്ധപ്പെട്ട് എസ്. ജയശ്രീയെ കഴിഞ്ഞ ദിവസം ഇ.ഡി ചോദ്യം ചെയ്തിരുന്നു. പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യം ചെയ്യലെങ്കിലും, താൻ ഇതുവരെ പോറ്റിയെ നേരിൽ കണ്ടിട്ടില്ലെന്നും ശബരിമലയിൽ പോയിട്ടില്ലെന്നുമാണ് ജയശ്രീ മൊഴി നൽകിയത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയച്ചു.



