തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന്റെ ദ്വാരപാലക ശിൽപ്പങ്ങളിലും കട്ടിളപ്പാളികളിലും നിന്ന് ഏകദേശം ഒരു കിലോ 700 ഗ്രാം സ്വർണ്ണം നഷ്ടപ്പെട്ടതായി പ്രത്യേക അന്വേഷണ സംഘം നിഗമനത്തിലെത്തി. വി എസ് എസ് സിയിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ വിശകലനം ചെയ്ത ശേഷമാണ് അന്വേഷണസംഘം ഈ കണക്കിലെത്തിയത്.(Sabarimala gold theft case, SIT finds 1 kg 700 grams of gold missing)
ദ്വാരപാലക ശിൽപ്പങ്ങൾ പൊതിഞ്ഞിരുന്ന സ്വർണ്ണപ്പാളികളിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്വർണ്ണം കവർന്നതെന്നാണ് ശാസ്ത്രീയ പരിശോധനകൾ സൂചിപ്പിക്കുന്നത്. സ്വർണ്ണത്തിന്റെ ഗുണനിലവാരത്തിലും അളവിലും വന്ന കുറവ് വിഎസ്എസ്സി ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടുണ്ട്. സ്മാർട്ട് ക്രിയേഷൻസ് ഉടമ നൽകിയ മൊഴിയേക്കാൾ വലിയ തോതിലുള്ള ക്രമക്കേടാണ് ഇവിടെ നടന്നിട്ടുള്ളതെന്നാണ് സൂചന.
ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിൽ നിന്നുള്ള പരിശോധനാ ഫലം കൂടി ലഭിച്ചാലുടൻ എസ്ഐടി അന്തിമ കണക്കുകൾ കോടതിയെ അറിയിക്കും. ശബരിമലയിൽ നിന്ന് ശേഖരിച്ച സ്വർണ്ണപ്പാളികളുടെ സാമ്പിളുകൾ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. ജംഷഡ്പൂരിലെ ലാബിലേക്ക് അയക്കേണ്ട സാമ്പിളുകൾ സംബന്ധിച്ച വിവരങ്ങളും പ്രത്യേക ചോദ്യാവലിയും പിന്നീട് കോടതിക്ക് കൈമാറും.



