ന്യൂഡൽഹി: 2026 ട്വന്‍റി 20 ലോകകപ്പിലെ ഗ്ലാമർ പോരാട്ടത്തിൽ പാകിസ്ഥാനെ 61 റൺസിന് തകർത്ത് ഇന്ത്യ വിജയക്കുതിപ്പ് തുടരുന്നു. ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 114 റൺസിന് ഓൾഔട്ടായി. തോൽവിക്ക് പിന്നാലെ പാകിസ്ഥാനിൽ ആരാധകരോഷം അണപൊട്ടി. പലയിടങ്ങളിലും ആരാധകർ ടെലിവിഷൻ സെറ്റുകൾ തല്ലിത്തകർക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.(India crushes Pakistan, Unable to bear the embarrassment, Pakistan fan smashes TV with bat)
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഇഷാൻ കിഷൻ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. 40 പന്തിൽ നിന്ന് 77 റൺസ് നേടിയ ഇഷാന്റെ ഇന്നിംഗ്‌സാണ് ഇന്ത്യയെ 175 എന്ന കരുത്തുറ്റ സ്കോറിലെത്തിച്ചത്. ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും ചേർന്ന് പാക് മുൻനിരയെ തുടക്കത്തിലേ പിടിച്ചുലച്ചു. പവർപ്ലേയിൽ തന്നെ നായകൻ സൽമാൻ ആഗ ഉൾപ്പെടെയുള്ള പ്രധാന വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ ആധിപത്യം ഉറപ്പിച്ചു.
മധ്യ ഓവറുകളിൽ കുൽദീപ് യാദവും അക്സർ പട്ടേലും പാക് ബാറ്റിംഗ് നിരയുടെ നടുവൊടിച്ചു. പാക് താരം ബാബർ അസം ഉൾപ്പെടെയുള്ളവർ ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ പതറുന്നതാണ് കണ്ടത്. ഈ വിജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ജയങ്ങളുടെ എണ്ണം 8-1 ആയി ഉയർന്നു.



