തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചിട്ടുള്ള മുൻ നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല. വിശ്വാസികൾക്കൊപ്പം നിൽക്കാനാണോ അതോ പഴയ സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കാനാണോ സർക്കാരിന്റെ തീരുമാനമെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Is the government still firm on its stance on the entry of women in Sabarimala, asks Ramesh Chennithala)
ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം തിരുത്തിയാണ് പിണറായി സർക്കാർ യുവതീ പ്രവേശനത്തെ അനുകൂലിച്ച് കോടതിയിൽ പുതിയ അഫിഡവിറ്റ് നൽകിയത്. ആ നിലപാടിൽ മാറ്റമില്ലെങ്കിൽ അത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും അനുസരിച്ച് യുവതികൾ പ്രവേശിക്കരുത് എന്നതാണ് യു.ഡി.എഫിന്റെ എക്കാലത്തെയും നിലപാട്. 55 വയസ്സ് കഴിഞ്ഞ സ്ത്രീകൾ കയറുന്നതിൽ ആർക്കും എതിർപ്പില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവതീ പ്രവേശനത്തിന് ശേഷം ജനങ്ങളുടെ വീടുകളിൽ കയറിയിറങ്ങി മാപ്പുപറഞ്ഞ മാർക്സിസ്റ്റ് പാർട്ടി ഇപ്പോൾ എന്തിനാണ് ഒളിച്ചുകളിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ആഗോള അയ്യപ്പസംഗമത്തിന്റെ പേരിൽ വലിയ സാമ്പത്തിക കൊള്ളയാണ് നടന്നത്. ഇതിൽ ദേവസ്വം മന്ത്രിക്ക് നേരിട്ട് ഉത്തരവാദിത്തമുണ്ടെന്നും സർക്കാർ ഈ അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതായും പോലീസുകാർക്ക് പോലും സംരക്ഷണമില്ലാത്ത അവസ്ഥയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.



