കൊൽക്കത്ത : പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ 30-കാരനായ നാസിർ അലിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രദേശത്തെ ബൂത്ത് ലെവൽ ഓഫീസർ (BLO) ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു (West Bengal Murder). മൃതദേഹം കഷണങ്ങളാക്കി കനാലിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
ബിഎൽഒ ആയ റിസ്വാൻ ഹസൻ മൊണ്ടാൾ, ഇയാളുടെ കൂട്ടാളി സാഗർ ഗൈനെ എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട നാസിർ അലിയുടെ ഭാര്യയുമായി റിസ്വാൻ ഹസൻ മൊണ്ടാളിന് വിവാഹേതര ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിന് നാസിർ തടസ്സമാകുമെന്ന് കണ്ടതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
ബംഗാളിൽ നിലവിൽ നടന്നുവരുന്ന സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് (SIR) ആവശ്യങ്ങൾക്കായി ചില രേഖകൾ ശരിയാക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് തിങ്കളാഴ്ച രാത്രി നാസിറിനെ ഒരു വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് അവിടെവെച്ച് കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കനാലിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ ഉപേക്ഷിച്ചു.
നാസിറിനെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. നാസിറിന്റെ ഫോൺ കോളുകൾ പരിശോധിച്ചപ്പോൾ അവസാനമായി സംസാരിച്ചത് റിസ്വാനാണെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വെള്ളിയാഴ്ച രാവിലെയാണ് കനാലിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തത്.



