ലക്നൗ : അയോധ്യ, വാരണാസി ഉൾപ്പെടെ ഉത്തർപ്രദേശിലെ 18 ജില്ലകളിലെ കോടതികൾക്ക് ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചു (Uttar Pradesh Court Bomb Threat). ഭീഷണിയെത്തുടർന്ന് കോടതി സമുച്ചയങ്ങൾ ഒഴിപ്പിക്കുകയും സുരക്ഷാ പരിശോധനകൾ ശക്തമാക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് ഉത്തർപ്രദേശിലെ വിവിധ കോടതികളുടെ ഔദ്യോഗിക ഇമെയിൽ വിലാസങ്ങളിലേക്ക് ഭീഷണി സന്ദേശം എത്തിയത്. കോടതി കെട്ടിടങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഉടൻ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം.
അയോധ്യ, വാരണാസി, ലഖ്‌നൗ, കാൺപൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലെ കോടതികളടക്കം 18 ജില്ലകളിലെ കോടതി സമുച്ചയങ്ങളെ ഭീഷണി ബാധിച്ചു. ഭീഷണി ലഭിച്ചയുടൻ ജഡ്ജിമാരെയും അഭിഭാഷകരെയും ജീവനക്കാരെയും കോടതി മുറികളിൽ നിന്ന് ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ഇതുവരെ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല.
ഇമെയിലിന്റെ ഉറവിടം കണ്ടെത്താൻ ഉത്തർപ്രദേശ് പോലീസും സൈബർ സെല്ലും അന്വേഷണം ആരംഭിച്ചു. നേരത്തെയും സമാനമായ വ്യാജ ഭീഷണി സന്ദേശങ്ങൾ അയച്ച വ്യക്തികളാണോ ഇതിന് പിന്നിലെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.



