ഐടി നഗരമായ ബെംഗളൂരുവിൽ ഒരു സാധാരണ വാടക വീടിന് ഈടാക്കുന്ന കൊള്ള ലാഭത്തെ വിമർശിച്ചു കൊണ്ടാണ് യുവതിയുടെ എക്സ് പോസ്റ്റ് (Bengaluru 2BHK Rent Controversy). ബെംഗളൂരുവിൽ ജീവിത ചിലവ് സാധാരണയെകാലും ഉയർന്നതാണെങ്കിലും ഒരു സാധാരണ 2BHK ഫ്ലാറ്റിന് വാടക 70,000 രൂപ എന്നൊക്കെ പറയുന്നത് ആരെയും ഒന്ന് ഞെട്ടിക്കും. കൊരമംഗലയിൽ ഒരു സാധാരണ 2BHK ഫ്ലാറ്റിന് പ്രതിമാസം 70,000 രൂപ വാടക ഈടാക്കുന്നതിനെ വിമർശിച്ചുകൊണ്ടാണ് ലുബ്‌ന മൽഹോത്ര എന്ന യുവതി ഈ പോസ്റ്റ് എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്.
നഗരത്തിലെ സൗകര്യങ്ങളെയും വാടകയെയും താരതമ്യം ചെയ്തുകൊണ്ടാണ് ലുബ്ന തന്റെ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡുകളും, തുറന്ന ഓടകളും, രൂക്ഷമായ ഗതാഗതക്കുരുക്കും നിറഞ്ഞ ഒരു പ്രദേശത്തിന് എന്തിനാണ് ഇത്ര വലിയ തുക നൽകുന്നതെന്നാണ് അവരുടെ ചോദ്യം. പ്രീമിയം തുക നൽകുമ്പോൾ അതിനനുസരിച്ചുള്ള ജീവിതനിലവാരം ലഭിക്കുന്നില്ല എന്നതാണ് താമസക്കാരുടെ പ്രധാന പരാതിയെന്നും പോസ്റ്റിന്റെ കമന്റുകളിൽ കാണാം.
നിരവധിപ്പേരാണ് ലുബ്നയുടെ പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും കമന്റുകളുമായി വന്നത്. ‘ഇതൊരു സംഘടിതമായ കൊള്ളയാണ്. അമിതമായ ഡിമാൻഡ് മുതലെടുത്ത് ഉടമകൾ വാടക വർദ്ധിപ്പിക്കുകയാണ്. ഇതിന് സർക്കാരോ അധികൃതരോ നിയന്ത്രണം കൊണ്ടുവരണം’ എന്ന് പലരും അഭിപ്രായപ്പെട്ടു. മുംബൈയിലെ വാടക നിരക്കിനോടാണ് പലരും കൊരമംഗലയെ താരതമ്യം ചെയ്തത്.
അതേസമയം, ‘ആളുകൾ ഈ തുക നൽകാൻ തയ്യാറുള്ളതുകൊണ്ടാണ് വാടക കൂടുന്നത്. ആരും ആരെയും നിർബന്ധിക്കുന്നില്ലല്ലോ’ എന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. വൈറ്റ്ഫീൽഡ് പോലുള്ള ഇടങ്ങളിൽ ഇതിലും ഉയർന്ന വാടകയാണെന്നും ചിലർ ചൂണ്ടിക്കാട്ടി. ബെംഗളൂരുവിലെ സ്റ്റാർട്ടപ്പുകളുടെയും കഫേകളുടെയും ഹബ്ബ് എന്ന് അറിയപ്പെടുന്ന കൊരമംഗലയിൽ താമസിക്കുന്നത് ഒരു ‘സ്റ്റാറ്റസ്’ ആയി കാണുന്നതാണ് ഈ വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്നും അഭിപ്രായമുണ്ട്.
70k for a 2bhk?
Koramangala have some shame – there’s traffic, open sewage, and broken roads. What are we paying the premium for?
— Lubna Malhotra (@lubnamalhotra) February 10, 2026



