ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള ഔദ്യോഗിക നടപടികളുമായി മുന്നോട്ട് പോകാൻ പ്രതിപക്ഷം തീരുമാനിച്ചു. പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാത്തതും സഭയിൽ സ്പീക്കർ അസത്യമായ പ്രസ്താവനകൾ നടത്തിയെന്നതുമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്ന ആരോപണങ്ങൾ. സഭയിൽ ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്ത സാഹചര്യത്തിൽ, സ്പീക്കറെ നീക്കാനുള്ള നോട്ടീസ് പ്രതിപക്ഷം ലോക്സഭാ സെക്രട്ടറി ജനറലിന് കൈമാറിയിരുന്നു.(Can the opposition remove the Lok Sabha Speaker, Procedures)
ലോക്സഭാ സ്പീക്കറെയോ ഡെപ്യൂട്ടി സ്പീക്കറെയോ നീക്കം ചെയ്യുന്നതിനെക്കുറിച്ച് ഭരണഘടനയുടെ ആനുച്ഛേദം 94, 95 (സി) എന്നിവയിൽ വ്യക്തമാക്കുന്നുണ്ട്. സഭയിലെ അംഗങ്ങൾക്ക് തന്നെയാണ് ഇതിനുള്ള അധികാരം. സ്പീക്കറെ പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിക്കുന്നതിന് 14 ദിവസം മുൻപെങ്കിലും നോട്ടീസ് നൽകിയിരിക്കണം. ഈ കാലയളവ് ചർച്ചകൾക്കും പ്രശ്നപരിഹാരങ്ങൾക്കുമായുള്ള സാവകാശം കൂടിയാണ്.
സാധാരണയായി ഡെപ്യൂട്ടി സ്പീക്കർക്കാണ് നോട്ടീസ് നൽകേണ്ടത്. എന്നാൽ ഡെപ്യൂട്ടി സ്പീക്കറുടെ അഭാവത്തിൽ ലോക്സഭാ സെക്രട്ടറി ജനറലിന് നോട്ടീസ് നൽകാം. ചട്ടപ്രകാരമല്ലെങ്കിൽ ഈ നോട്ടീസ് തള്ളാൻ സെക്രട്ടറി ജനറലിന് അധികാരമുണ്ട്. നോട്ടീസ് അംഗീകരിക്കപ്പെട്ടാൽ സഭയിൽ പ്രമേയം അവതരിപ്പിക്കാം. എന്നാൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കണമെങ്കിൽ സഭയിലെ കുറഞ്ഞത് 50 എംപിമാരുടെ പിന്തുണ ആവശ്യമാണ്.
തന്നെ നീക്കം ചെയ്യാനുള്ള പ്രമേയം സഭ പരിഗണിക്കുമ്പോൾ സ്പീക്കർക്ക് സഭാധ്യക്ഷന്റെ കസേരയിൽ ഇരിക്കാൻ നിയമം അനുവദിക്കുന്നില്ല. ചെയർ നിയന്ത്രിക്കുന്നവരുടെ പാനലിലെ മുതിർന്ന അംഗമാകും അധ്യക്ഷത വഹിക്കുക. സ്പീക്കർക്ക് സഭയിൽ വരാനും ചർച്ചകളിൽ പങ്കുചേരാനും തന്റെ ഭാഗം വിശദീകരിക്കാനും അവകാശമുണ്ട്. സാധാരണ അംഗത്തെപ്പോലെ വോട്ട് രേഖപ്പെടുത്താം. എന്നാൽ വോട്ടുകൾ തുല്യമായി വരുമ്പോൾ വിജയിയെ നിർണ്ണയിക്കാൻ സ്പീക്കർ ഉപയോഗിക്കുന്ന ‘കാസ്റ്റിംഗ് വോട്ട്’ അധികാരം ഈ സാഹചര്യത്തിൽ ഉണ്ടാവില്ല.
ലോക്സഭാ സ്പീക്കറെ നീക്കാനുള്ള പ്രമേയം പാസാകണമെങ്കിൽ സഭയിലെ ഹാജരായ അംഗങ്ങളുടെ ഭൂരിപക്ഷം മാത്രം പോരാ. പകരം, സഭയുടെ ആകെ അംഗബലത്തിന്റെ ഭൂരിപക്ഷം അഥവാ 272 അംഗങ്ങളുടെ പിന്തുണ പ്രമേയത്തിന് ലഭിക്കണം. പരമാവധി 230 ഓളം അംഗങ്ങളുടെ പിന്തുണയാണ് പ്രതിപക്ഷത്തിനുള്ളത്. ഇതിൽ തന്നെ തൃണമൂൽ കോൺഗ്രസ് ഇതുവരെ പ്രമേയത്തെ പിന്തുണച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എൻഡിഎ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം സഭയിലുണ്ട്.



