നവസരി: ഗുജറാത്തിലെ നവസരി ജില്ലയിൽ ബിജെപിക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. കോലി സമുദായത്തിൽ നിന്നുള്ള നാല് പ്രമുഖ നേതാക്കളാണ് പാർട്ടി പദവികൾ രാജിവെച്ചത്. പുതിയ ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോൾ തങ്ങളുടെ സമുദായത്തെ അവഗണിച്ചുവെന്നതാണ് രാജിക്ക് കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത്.(Setback for BJP in Gujarat, 4 senior leaders resigns)
അശോക് പട്ടേൽ, വിജയ് പട്ടേൽ, പ്രകാശ് പട്ടേൽ, ചേതന പട്ടേൽ എന്നിവരാണ് രാജിവച്ചത്. ജില്ലാ അധ്യക്ഷൻ, ജനറൽ സെക്രട്ടറി തുടങ്ങിയ നിർണ്ണായക പദവികളിൽ കോലി സമുദായംഗങ്ങളെ പരിഗണിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ വൈസ് പ്രസിഡന്റ് പദവി മാത്രം നൽകിയതാണ് നേതാക്കളെ ചൊടിപ്പിച്ചത്.
ജില്ലാ ബിജെപി അധ്യക്ഷൻ ബുരലാൽ ഷാ ഓഫീസിലില്ലാത്ത സമയത്ത്, അദ്ദേഹത്തിന്റെ മേശപ്പുറത്ത് രാജിക്കത്തുകൾ വെച്ചാണ് നേതാക്കൾ മടങ്ങിയത്. ജലാൽപൂർ നിയമസഭാ മണ്ഡലത്തിലും നവസരി ജില്ലയിലും വലിയ സ്വാധീനമുള്ള സമുദായമാണ് കോലി സമുദായം. തങ്ങളുടെ രക്തവും വിയർപ്പും നൽകിയാണ് നവസരിയിൽ ബിജെപിയെ ശക്തിപ്പെടുത്തിയത്. എന്നാൽ പാർട്ടിയിൽ അർഹമായ സ്ഥാനങ്ങൾ ലഭിക്കുന്നില്ല എന്ന് ഇവർ പറയുന്നു.



