Tuesday, February 10, 2026
HomeNational'പ്രോജക്റ്റ് ദമാദ് ജി', തന്റെ പ്രണയവിവാഹത്തിന് അമ്മയുടെ സമ്മതം വാങ്ങാൻ പിപിടി തയ്യാറാക്കി...

‘പ്രോജക്റ്റ് ദമാദ് ജി’, തന്റെ പ്രണയവിവാഹത്തിന് അമ്മയുടെ സമ്മതം വാങ്ങാൻ പിപിടി തയ്യാറാക്കി യുവതി; പ്രസന്റേഷന്റെ അവസാനം സംശയങ്ങൾ ചോദിക്കാം | Project Damad Ji

നോയിഡ സ്വദേശിയായ യുവതി തന്റെ പ്രണയവിവാഹത്തിന് അമ്മയുടെ സമ്മതം വാങ്ങാൻ തിരഞ്ഞെടുത്ത ‘പ്രൊഫഷണലായ’ രീതിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. തന്റെ കാമുകനെ അമ്മയ്ക്ക് പരിചയപ്പെടുത്താനായി ഒരു പവർപോയിന്റ് പ്രസന്റേഷൻ (PPT) തന്നെ അവൾ തയ്യാറാക്കി. ‘പ്രോജക്റ്റ് ദമാദ് ജി’ (Project Damad Ji) എന്നായിരുന്നു ഈ വേറിട്ട വിവാഹ പ്രസന്റേഷന്റെ പേര്.

നോയിഡയിൽ ഓർഗനൈസേഷണൽ സൈക്കോളജിസ്റ്റായി ജോലി ചെയ്യുന്ന യുവതി, തന്റെ തീരുമാനം വെറുമൊരു വൈകാരികമായ എടുത്തുചാട്ടമല്ലെന്ന് അമ്മയെ ബോധ്യപ്പെടുത്താനാണ് ഈ മാർഗ്ഗം സ്വീകരിച്ചത്. 30-ാം വയസ്സിൽ വിവാഹത്തെ ഗൗരവമായി കാണുന്നുവെന്നും, പ്രണയത്തിൽ അന്ധയായല്ല മറിച്ച് എല്ലാ വശങ്ങളും ചിന്തിച്ചാണ് ഈ പങ്കാളിയെ തിരഞ്ഞെടുത്തതെന്നും പ്രസന്റേഷനിലൂടെ യുവതി അമ്മയ്ക്ക് വ്യക്തമാക്കി കൊടുത്തു.

ഓഫീസുകളിൽ പ്രോജക്റ്റുകൾ അവതരിപ്പിക്കുന്നതുപോലെ അത്യന്തം ഗൗരവത്തോടെയാണ് അവൾ സ്ലൈഡുകൾ തയ്യാറാക്കിയത്. അതിൽ പ്രധാനമായും കാമുകന്റെ പ്രായം, വിദ്യാഭ്യാസം, കുടുംബ പശ്ചാത്തലം, നിലവിലെ ജോലി, ശമ്പളം, ഭാവിയിലെ കരിയർ സാധ്യതകൾ. മാതാപിതാക്കൾ സാധാരണയായി ഒരു ആലോചന വരുമ്പോൾ ചോദിക്കാൻ സാധ്യതയുള്ള എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടികളും ഉൾപ്പെടുത്തിയിരുന്നു. പ്രസന്റേഷന്റെ അവസാനം സംശയങ്ങൾ ചോദിക്കാനുള്ള സമയവും യുവതി നൽകിയിരുന്നു. എന്നാൽ സ്ലൈഡുകൾ അത്രമേൽ വിശദമായിരുന്നതിനാൽ അമ്മയ്ക്ക് പ്രത്യേകിച്ച് ഒന്നും ചോദിക്കേണ്ടി വന്നില്ല.

ആദ്യം വിചിത്രമായി തോന്നിയെങ്കിലും മകളുടെ ഈ പ്രവൃത്തിയിൽ അമ്മയ്ക്ക് വലിയ അത്ഭുതം തോന്നിയില്ല. കുട്ടിക്കാലം മുതലേ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ ഇത്തരം ആഘോഷപൂർവ്വമായ രീതിയിൽ നടത്തുന്നത് മകളുടെ രീതിയാണെന്ന് അമ്മ പറയുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.