ന്യൂഡൽഹി: ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടം നിശ്ചയിച്ചതുപോലെ നടക്കും. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഉയർത്തിയ ബഹിഷ്കരണ ഭീഷണി ഐ സി സിയുമായുള്ള ചർച്ചയെത്തുടർന്ന് അവസാനിച്ചു. ഞായറാഴ്ചയാണ് ചിരവൈരികളുടെ പോരാട്ടം നടക്കുക.(ICC talks are successful, India-Pakistan match to be held on Sunday)
ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ചായിരുന്നു ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കുമെന്ന് പാകിസ്താൻ നിലപാടെടുത്തത്. എന്നാൽ ലാഹോറിൽ നടന്ന നിർണ്ണായക ചർച്ചകൾക്കൊടുവിൽ ടൂർണമെന്റുമായി സഹകരിക്കാമെന്ന് പാകിസ്താനും ബംഗ്ലാദേശും ഐസിസിക്ക് ഉറപ്പുനൽകി. ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാട് സ്വീകരിച്ച ബംഗ്ലാദേശിനെതിരെ നിലവിൽ അച്ചടക്ക നടപടികളോ സാമ്പത്തിക ഉപരോധങ്ങളോ ഉണ്ടാകില്ല.
2028-നും 2031-നും ഇടയിലുള്ള ഒരു ഐസിസി ടൂർണമെന്റിന്റെ വേദിയായി ബംഗ്ലാദേശിനെ പരിഗണിക്കും. ബംഗ്ലാദേശിൽ ലോകകപ്പ് മത്സരങ്ങൾക്കുണ്ടായിരുന്ന പ്രദർശന വിലക്ക് നീക്കി. ആരാധകർക്ക് മത്സരം കാണുന്നതിനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഉറപ്പുനൽകിയിട്ടുണ്ട്.
മത്സരത്തിൽ പങ്കെടുക്കുന്നതിനായി പാകിസ്താൻ മുന്നോട്ടുവെച്ച കർശന ഉപാധികൾ ഐസിസി തള്ളി. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവരെ ഉൾപ്പെടുത്തി ത്രിരാഷ്ട്ര പരമ്പര വേണമെന്നതായിരുന്നു പ്രധാന ആവശ്യം. എന്നാൽ, ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് ഐസിസിയല്ലെന്നും ബന്ധപ്പെട്ട രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിലൂടെയാണ് ധാരണയിലെത്തേണ്ടതെന്നും ഐസിസി വ്യക്തമാക്കി.



