വാഷിംഗ്ടൺ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതീവ പ്രാധാന്യമാണ് നൽകുന്നതെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞു. ചൊവ്വാഴ്ച വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ച് പ്രസിഡന്റ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.(Trump cares deeply about US – India relationship, says Sergio Gor)
ഔദ്യോഗിക സന്ദർശനത്തിനായി ഏതാനും ദിവസത്തേക്ക് അമേരിക്കയിലെത്തിയ സെർജിയോ ഗോറിന്റെ ആദ്യ കൂടിക്കാഴ്ച തന്നെ വൈറ്റ് ഹൗസിലായിരുന്നു. അമേരിക്കയിൽ തിരിച്ചെത്തിയിരിക്കുന്നു. ആദ്യ സ്റ്റോപ്പ് വൈറ്റ് ഹൗസിൽ നമ്മുടെ മഹാനായ പ്രസിഡന്റിനൊപ്പമുള്ള കൂടിക്കാഴ്ചയായിരുന്നു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ പ്രസിഡന്റ് അത്രമേൽ വിലമതിക്കുന്നു, ഗോർ തന്റെ ‘എക്സ്’ ഹാൻഡിലിൽ കുറിച്ചു.
പ്രസിഡന്റ് ട്രംപിനും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്കുമൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഈ വർഷം ജനുവരിയിലാണ് സെർജിയോ ഗോർ ഇന്ത്യയിലെ അമേരിക്കൻ അംബാസഡറായി ചുമതലയേറ്റത്. ഇതിനുമുമ്പ് വൈറ്റ് ഹൗസ് പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസ് ഡയറക്ടറായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിൽ വലിയ സ്വാധീനമുള്ള വ്യക്തിയായാണ് അദ്ദേഹം അറിയപ്പെടുന്നത്.

