ഖാർത്തൂം: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിലെ ഈസ്റ്റ് ഡാർഫർ മേഖലയിൽ ആശുപത്രിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 64 പേർ കൊല്ലപ്പെട്ടു (Sudan Hospital Attack). കൊല്ലപ്പെട്ടവരിൽ 13 കുട്ടികളും ഉൾപ്പെടുന്നു. അൽ-ദയിൻ ടീച്ചിംഗ് ഹോസ്പിറ്റലിന് നേരെ വെള്ളിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായതെന്ന് ലോകാരോഗ്യ സംഘടന (WHO) മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു.
രണ്ട് നഴ്സുമാരും ഒരു ഡോക്ടറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആക്രമണത്തിൽ 89 പേർക്ക് പരിക്കേറ്റു. ആശുപത്രിയുടെ പീഡിയാട്രിക്, മെറ്റേണിറ്റി, എമർജൻസി വിഭാഗങ്ങൾക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതോടെ ആശുപത്രിയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചു. സുഡാൻ സൈന്യം നടത്തിയ ഡ്രോൺ ആക്രമണമാണ് ഇതെന്ന് പ്രാദേശിക മനുഷ്യാവകാശ സംഘടനയായ എമർജൻസി ലോയേഴ്സ് ആരോപിച്ചു.
2023 ഏപ്രിലിൽ ആരംഭിച്ച സുഡാൻ ആഭ്യന്തരയുദ്ധത്തിൽ ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 2,000 കടന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇതുവരെ 213 തവണയാണ് ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടായത്. സുഡാൻ സൈന്യവും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (RSF) തമ്മിലുള്ള പോരാട്ടം ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധികളിലൊന്നായി മാറിയിരിക്കുകയാണ്. ഇതുവരെ 1.2 കോടിയിലധികം ആളുകൾക്ക് വീട് ഉപേക്ഷിക്കേണ്ടി വരികയും മൂന്ന് കോടിയിലധികം ആളുകൾ സഹായത്തിനായി കാത്തുനിൽക്കുകയും ചെയ്യുന്നു.
Summary
At least 64 people, including 13 children, were killed in a drone attack on al-Daein Teaching Hospital in Sudan’s Darfur region.The WHO reported that the total death toll from attacks on healthcare facilities in Sudan has now surpassed 2,000 since the conflict began in 2023

